മുംബയ്: ഇന്ത്യയിൽ ഹിന്ദുമതം ഉപേക്ഷിക്കുന്നവരെക്കാൾ സ്വീകരിക്കുന്നവരാണ് കൂടുതലെന്ന് സർവേഫലം. പ്യൂ റിസേർച്ച് സെന്റർ രാജ്യത്തെ മതങ്ങളെക്കുറിച്ച് നടത്തിയ സർവേയിലണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരുസംഘം ആളുകൾ സ്വന്തം മതം വിടുമ്പോൾ അതിനാനുപാതികമായോ അതിൽ കൂടുതലോ പേർ ആ മതത്തിലേക്ക് ചേരുന്നുണ്ട്. ഇതനുസരിച്ച് 0.7 ശതമാനം ആളുകൾ ഹിന്ദു മതം ഉപേക്ഷിച്ചപ്പോൾ 0.8 ശതമാനം പേർ ഹിന്ദു മതത്തിലേക്ക് പുതുതായി വന്നിട്ടുണ്ടെന്ന് സർവേ പറയുന്നു. ഇന്ത്യയിൽ മതപരിവർത്തനം അപൂർവമാണെന്നും .മതപരിവർത്തനത്തിലൂടെ ഇന്ത്യയിൽ നിലവിൽ ഒരു മതവിഭാഗവും വളരുന്നില്ലെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു..
മറ്റുമതങ്ങളിലെ കൊഴിഞ്ഞുപോക്കും മതപരിവർത്തനവും സർവേയിൽ വിശദീകരിക്കുന്നുണ്ട്. 0.3 ഇന്ത്യക്കാർ മുസ്ലിം മതം ഉപേക്ഷിക്കുമ്പോൾ 0.3 ശതമാനം ഇന്ത്യക്കാർ മുസ്ലിം മതത്തിലേക്ക് ചേരുന്നു. ക്രിസ്ത്യൻ വിഭാഗത്തിൽ മതപരിവർത്തനം അല്പം കൂടുതലായി കാണപ്പെടുന്നുണ്ട്. 0.4 ശതമാനം പേർ ക്രിസ്ത്യൻ മതത്തിലേക്ക് പുതുതായി ചേർന്നപ്പോൾ 0.1 ശതമാനം പേർ മാത്രമാണ് ക്രിസ്തു മതം ഉപേക്ഷിച്ചത്. സിഖ് മതത്തിൽ 0.1 ശതമാനം പേർ വരുകയും അത്രയും പേർ മതം ഉപേക്ഷിക്കുകയും ചെയ്തു. ജൈന മതത്തിലേക്ക് ആരും ചേർന്നതായി സർവേയിൽ പറയുന്നില്ല. അതേസമയം 0.1 ശതമാനം പേർ മതം ഉപേക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിലെ മതം; സഹിഷ്ണുതയും വേർതിരിവും എന്ന സർവേ റിപ്പോർട്ടാണ് പ്യൂ റിസേർച്ച് സെന്റർ പുറത്തു വിട്ടിരിക്കുന്നത്.