ന്യൂഡൽഹി: മറാത്ത സംവരണ കേസിൽ കേന്ദ്രസർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തളളി. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിന്ന് എടുത്തുമാറ്റിയ ഉത്തരവ് പുനഃപരിശോധിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മേയ് അഞ്ചിലെ മറാത്ത സംവരണ വിധിന്യായത്തിലെ നൂറ്റിരണ്ടാം ഭരണഘടനാ ഭേദഗതിയുടെ വ്യാഖ്യാനത്തെ ചോദ്യം ചെയ്താണ് സർക്കാർ ഹർജി നൽകിയത്.
പിന്നാക്ക വിഭാഗങ്ങളെ തിരിച്ചറിയാനും ആർട്ടിക്കിൾ 342 എ(1) പ്രകാരം പ്രസിദ്ധീകരിക്കേണ്ട പട്ടികയിൽ ഉൾപ്പെടുത്താനും കേന്ദ്രസർക്കാരിനെയാണ് അധികാരപ്പെടുത്തിയിരിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളെ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടർന്ന് സംസ്ഥാനങ്ങൾക്ക് അവരുടെ സ്വന്തം പട്ടിക തയാറാക്കാനുള്ള അധികാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ ഹർജി സമർപ്പിക്കുകയായിരുന്നു.
ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജി തളളിയത്. അശോക് ഭൂഷണെ കൂടാതെ ജസ്റ്റിസുമാരായ എൽ. നാഗേശ്വർ റാവു, എസ്. അബ്ദുൾ നസീർ, ഹേമന്ത് ഗുപ്ത, എസ്. രവീന്ദ്ര ഭട്ട് എന്നിവരാണ് എന്നിവരാണ് ബെഞ്ചിൽ ഉണ്ടായിരുന്നത്. 3:2 ഭൂരിപക്ഷത്തോടെയാണ് വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ നാഗേശ്വർ റാവു, ഹേമന്ത് ഗുപ്ത, രവീന്ദ്ര ഭട്ട് എന്നിവർ ഹർജിക്ക് വിരുദ്ധമായി നിലകൊണ്ടപ്പോൾ മറ്റു രണ്ടുപേരും അനുകൂലമായി നിലകൊണ്ടു.