aircar

സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ട് പരിചയമുളള പറക്കും കാറുകൾ യാഥാർത്ഥ്യമാവുന്നു. ഡ്യൂവൽ മോഡ് കാ‌ർ-എയർക്രാഫ്റ്റ് വാഹനമായ എയർകാർ ജൂൺ 28ന് സ്ലൊവാക്യയിലെ നിത്ര, ബ്രാട്ടിസ്ലാവ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 35 മിനിറ്റ് പരീക്ഷണ പറക്കൽ പൂർത്തിയാക്കിയതായ വാർത്തകളാണ് ഈ സ്വപ്നത്തിന് പുതുജീവൻ നൽകുന്നത്.

എയർകാറിനു പിന്നിൽ പ്രവർത്തിക്കുന്ന ക്ലീൻവിഷൻ തന്നെയാണ് കാർ വിജയകരമായി പരീക്ഷണ പറക്കൽ നടത്തിയ വിവരം പുറം ലോകത്തെ അറിയിച്ചത്. പരീക്ഷണ പറക്കലിന്റെ ദൃശ്യങ്ങൾ കന്പനി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. എയർകാർ ലാൻഡിം​ഗിനു ശേഷം മൂന്നു മിനിറ്റിനുളളിൽ സ്പോർട്സ് കാറായി രൂപാന്തരപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്.

ഫിക്സഡ് പ്രൊപ്പല്ലറും ബാലിസ്റ്റിക് പാരച്യൂട്ടും ഉളള 160 എച്ച്.പി ബി.എം.ഡബ്ല്യു എഞ്ചിനാണ് എയർകാറിന് നൽകിയിരിക്കുന്നത്. 8,200 അടി (2500 മീറ്റർ) ഉയരത്തിൽ 1,000 കിലോമീറ്റർ സഞ്ചരിക്കാം. ഇതുവരെ എയർകാർ 40 മണിക്കൂർ നേരം വായുവിൽ സുഗമമായി പറന്നുകഴിഞ്ഞു.