vava-suresh

തിരുവനന്തപുരം: മുപ്പത് വർഷത്തിലധികമുള്ള സൗഹൃദമാണ് ഹർഷാദിന്റെ മരണത്തിലൂടെ തനിക്ക് നഷ്‌ടമായതെന്ന് വാവ സുരേഷ്. തിരുവനന്തപുരം മൃഗശാല ജീവനക്കാരനായ ഹർഷാദ് കഴിഞ്ഞിവസമാണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. അപൂർവത്തിൽ അപൂർവമായ സംഭവമാണിതെന്നും, ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മൃഗസ്നേഹികളിലൊരാളായിരുന്നു ഹർഷാദെന്നും വാവ പറഞ്ഞു.

വാവ സുരേഷിന്റെ വാക്കുകൾ-

'ക്യാമറയ്‌ക്ക് മുന്നിൽ നിൽക്കുമ്പോൾ എന്റെ മനസ് അസ്വസ്ഥമാണ്. അതിന് കാരണം, എന്റെ പ്രിയ സുഹൃത്ത് ഹർഷാദ് തിരുവനന്തപുരം മൃഗശലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരണപ്പെട്ടു. അപൂർവത്തിൽ അപൂർവമായ സംഭവമാണിത്. രാജവെമ്പാലയുടെ കടിയേറ്റാൽ സ്പീഡിൽ വരുന്ന ഒരു ട്രെയിൻ ഇടിക്കുന്ന അവസ്ഥയ‌്ക്ക് തുല്യമാണ്.

തായ്‌ലൻഡ് പോലുള്ള ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമാണ് രാജവെമ്പാലയുടെ വിഷത്തിന് പ്രതിമരുന്നുള്ളത്. മരുന്ന് കൊണ്ടുവന്നാൽ പോലും കടിയേറ്റ ആളിന്റെ ശരീരത്തിലേക്ക് അത് കടത്തി വിടുന്നതിന് പരിമിതികളുണ്ട്. അത്രയ‌്ക്കും ഹൈ ഡോസ് ആണത്. ഒരുപക്ഷേ അത് താങ്ങാനുള്ള കരുത്ത് മനുഷ്യശരീരത്തിന് ഉണ്ടാകണമെന്നില്ല.

ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മൃഗസ്നേഹികളിലൊരാളായിരുന്നു ഹർഷാദ്. 30 വർഷത്തിൽ കൂടുതലായി എനിക്ക് അദ്ദേഹത്തെ അറിയാം. ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കട്ടെ'.