pinarayi-vijayan

​തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കേരളം കടന്നുപോകുന്ന സമയത്താണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. ഏറെ പ്രതീക്ഷയുമായെത്തിയ സർക്കാർ മധുവിധു കാലം കഴിയും മുമ്പേ വിവാദങ്ങളിൽ ചെന്നുപെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒന്നേകാൽ മാസത്തിനിടെ ഒന്നൊന്നായി എത്തിയ വിവാദങ്ങൾ സർക്കാരിന് മേൽ വീഴ്ത്തിയ കരിനിഴൽ ചെറുതല്ല.

ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് പല വിവാദങ്ങളും ഉയർന്നുവന്നിരുന്നെങ്കിലും, തിരഞ്ഞെടുപ്പിൽ വൻ വിജയത്തോടെ വീണ്ടും അധികാരത്തിൽ തിരികെ എത്തുകയായിരുന്നു. പുതിയ സർക്കാർ അധികാരത്തിലേറി അധികം വൈകും മുമ്പേ മരംമുറി വിവാദം ആളിപ്പടർന്നു. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് പുറത്തിറങ്ങിയ ഉത്തരവിന്‍റെ പേരിൽ നടന്ന മരം, വനം കൊള്ളയുടെ വാർത്തകളാണ് സർക്കാരിനെ തുടക്കത്തിൽ തന്നെ പ്രതിരോധത്തിലാക്കിയത്. വനം, റവന്യൂ വകുപ്പുകൾ ആയിരുന്നു പ്രതിസ്ഥാനത്ത്. രണ്ട് വകുപ്പുകളും ഭരിച്ചിരുന്നത് സി പി ഐ ആയിരുന്നു. സർക്കാരും സി പി ഐയും ചീത്തപ്പേര് ഏറെ കേട്ട വിവാദത്തിൽ എൽ ഡി എഫിലെ തിരുത്തൽ ശക്തിയായ സി പി ഐക്ക് ഇതുണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ല.


മരംമുറി വിവാദം സജീവമായി നിൽക്കെയാണ് വനിത കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ അടുത്ത വിവാദത്തിന് തിരികൊളുത്തിയത്. സ്വകാര്യ ചാനലിലെ തത്സമയ ഫോൺ ഇൻ പരിപാടിയിൽ വിളിച്ച പരാതിക്കാരിയോട് ജോസഫൈൻ പ്രതികരിച്ച രീതി അയ്രേറെ പ്രതിഷേധമാണുണ്ടാക്കിയത്. ഒടുവിൽ വലിയ നാണക്കേടിന് ശേഷം ജോസഫൈന് രാജിവച്ച് ഒഴിയേണ്ടി വന്നു. എന്നാൽ മറ്റൊരു വനിത കമ്മിഷൻ അംഗമായ ഷാഹിദ കമാലിന്റെ ഡോക്ടറേറ്റുമായി ബന്ധപ്പെട്ട വിവാദം ഇപ്പോഴും നിലനിൽക്കുകയാണ്.


വനിത കമ്മിഷൻ വിവാദത്തിനിടെയാണ് സ്വർണക്കടത്ത് കേസ് പുറത്ത് വരുന്നത്. രാമനാട്ടുകരയിൽ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട സംശയങ്ങൾ പൊലീസിനെ നയിച്ചത് വലിയ ക്രിമിനൽ സംഘങ്ങളിലേക്കായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തെ തന്നെ ഇളക്കിമറിക്കുകയാണ് ഈ കേസ്. കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിയെ പൊലീസ് തിരയാൻ തുടങ്ങിയപ്പോൾ തന്നെ സി പി എം പ്രതിരോധത്തിലായിരുന്നു.


അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കാർ ഡി വൈ എഫ് ഐ ചെമ്പിലോട് നോർത്ത് മേഖലാ സെക്രട്ടറി സി സജേഷിന്‍റേതായിരുന്നു. ഈ വിവരം പുറത്തുവന്നതോടെ സജേഷിനെ ഡി വൈ എഫ് ഐയും പിന്നീട് സി പി എമ്മും പുറത്താക്കി. ഉടൻ നടപടിയെടുത്തെങ്കിലും, നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ പാർട്ടിയ്ക്കും ഡി വൈ എഫ് ഐയ്ക്കും ഇതുവരെ സാധിച്ചിട്ടില്ല.


കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകളാണ് പ്രതിപക്ഷം സർക്കാരിനെതിരെ ഏറ്റവും ഒടുവിലത്തെ ആരോപണമായി ഉയർത്തികാട്ടുന്നത്. സർക്കാർ ഡാറ്റ ശേഖരിച്ചില്ലെങ്കിൽ തങ്ങൾ ശേഖരിക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി. അത്തരമൊരു സാഹചര്യമുണ്ടായാൽ അത് സർക്കാരിനെതിരരെയുളള വലിയ ജനകീയ ക്യാമ്പയിനായി മാറും.


99 സീറ്റുകളുടെ ചരിത്ര വിജയത്തോടെയാണ് ഇത്തവണ എൽ ഡി എഫ് അധികാരത്തിലെത്തിയത്. മന്ത്രിസഭയിലും ഒരുപാട് പുതുമ കൊണ്ടുവരാൻ എൽ.ഡി.എഫിന് കഴിഞ്ഞു. മുഖ്യമന്ത്രിയും രണ്ട് ഘടകക്ഷി മന്ത്രിമാരും ഒഴികെ ബാക്കി എല്ലാവരും പുതുമുഖങ്ങളാണെന്ന പ്രത്യേകതയും സർക്കാരിനുണ്ടായിരുന്നു. എന്നാൽ തുടക്കത്തിലെ വിവാദങ്ങളിലൂടെ വലിയ പ്രതിച്ഛായ നഷ്ടമാണ് ചുരുങ്ങിയ ദിവസങ്ങൾക്കുളളിൽ സർക്കാരിന് സംഭവിച്ചിരിക്കുന്നത്.