കോഴിക്കോട്: കെ പി കുഞ്ഞഹമ്മദ് കുട്ടി എം എൽ എയ്‌ക്കെതിരെ സി പി എം നടപടി. കുറ്റ‌്യാടി എം എൽ എയായ കുഞ്ഞഹമ്മദ് കുട്ടിയെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കാളിയായതിനാലാണ് നടപടി. നടപടിക്കെതിരെ കുഞ്ഞഹമ്മദ് കുട്ടി അപ്പീൽ നൽകി.
കുറ്റ‌്യാടിയിൽ നടന്ന വിമത നീക്കത്തെപ്പറ്റി സി പി എം ജില്ലാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകനയോഗത്തിൽ ചർച്ച നടന്നിരുന്നു. ഈ ചർച്ചകൾക്കൊടുവിലാണ് കുഞ്ഞഹമ്മദ് കുട്ടിയെ ജില്ലാ സെക്രട്ടറിയറ്റിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചത്. പാർട്ടി നയത്തിന് വിരുദ്ധമായുള്ള അച്ചടക്കലംഘനത്തിൽ പാർട്ടി കമ്മിഷനെ വച്ച് അന്വേഷണം നടത്തിയ ശേഷമാണ് സി പി എം സാധാരണ നടപടിയെടുക്കാറുള്ളത്. എന്നാൽ അന്വേഷണ കമ്മിഷനോ മറ്റ് റിപ്പോർട്ടുകളോ ഇല്ലാതെയാണ് കുഞ്ഞമ്മദ് കുട്ടി എം എൽ എയെ സി പി എം ജില്ലാ നേതൃത്വം സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വേരോട്ടമില്ലാത്ത കേരള കോൺഗ്രസ് മാണി വിഭാഗത്തിന് കുറ്റ‌്യാടി സീറ്റ് മത്സരിക്കാനായി വിട്ടു നൽകിയതിൽ പ്രതിഷേധിച്ചാണ് കുറ്റ‌്യാടിയിൽ ആയിരങ്ങൾ പ്രതിഷേധവുമായി ഇറങ്ങിയത്. കുറ്റ‌്യാടിയിലേയും പൊന്നാനിയിലേയും പരസ്യപ്രതിഷേധം സി പി എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതിഷേധവുമായി റോഡിലിറങ്ങിയവർ കുഞ്ഞഹമ്മദ് കുട്ടിയെ അവിടെ സി പി എം സ്ഥാനാർത്ഥിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധത്തിന് പിന്നാലെ കുറ്റ‌്യാടി സീറ്റ് സി പി എമ്മിന് വിട്ടു നൽകാൻ മാണി വിഭാഗം തീരുമാനിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെയാണ് ആദ്യം ഈ സീറ്റിലേക്ക് പറഞ്ഞു കേട്ടതെങ്കിലും ഒടുവിൽ കുഞ്ഞഹമ്മദ് കുട്ടിയെ തന്നെ ഇവിടെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.