ronaldo

ലണ്ടൻ: ഇൻസ്റ്റാഗ്രാം ധനികരുടെ ലിസ്റ്റിൽ ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മുന്നിലെത്തി. ഇതാദ്യമായാണ് ഒരു സ്പോർട്സ് താരം ഈ പട്ടികയിൽ ഒന്നാമത് എത്തുന്നത്. കഴിഞ്ഞവർഷം വരെ ദ് റോക്ക് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഹോളിവുഡ് നടനും മുൻ ഡബ്ളിയു ഡബ്ളിയു ഇ റെസ്ലറും ആയിരുന്ന ഡ്വെയ്ൻ ജോൺസണിനും അമേരിക്കൻ മോഡലായ കൈൽ ജെന്നറിനും പിന്നിലായി മൂന്നാം സ്ഥാനത്തായിരുന്നു റൊണാൾഡോ. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ പെയ്ഡ് പോസ്റ്റിനു ലഭിക്കുന്ന വരുമാനം കണക്കാക്കിയാണ് ഇൻസ്റ്റാഗ്രാം ധനികരെ തിരഞ്ഞെടുക്കുന്നത്.

റൊണാൾഡോയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഓരോ പെയ്ഡ് പോസ്റ്റിനും ലഭിക്കുന്നത് 1.6 മില്ല്യൺ അമേരിക്കൻ ഡോളറുകളാണ്. അതായത് ഏകദേശം 11.96 കോടി രൂപ. കഴിഞ്ഞ വർഷം ഇത് 889,000 അമേരിക്കൻ ‌ഡോളറായിരുന്നു. കണക്കുകൾ നോക്കിയാൽ റൊണാൾഡോയ്ക്ക് തന്റെ ക്ളബായ യുവന്റസിൽ നിന്നും ലഭിക്കുന്നതിനേക്കാൾ പണം ഇൻസ്റ്റാഗ്രാമിൽ നിന്നും ലഭിക്കുന്നുണ്ട്.

രണ്ടാം സ്ഥാനത്തുള്ള ഡ്വെയ്ൻ ജോൺസണിന് 1.52 മില്ല്യൺ യു എസ് ഡോളറും (11.35 കോടി രൂപ) മൂന്നാം സ്ഥാനത്തുള്ള പോപ്പ് താരം അരിയാന്ന ഗ്രാൻഡെയ്ക്ക് 1.51 മില്ല്യൺ യു എസ് ഡോളറുമാണ് (11.28 കോടി രൂപ) ഓരോ പെയ്ഡ് പോസ്റ്റിനും ലഭിക്കുന്ന പ്രതിഫലം. റൊണാൾഡോയെ കൂടാതെ അർജന്റീനയുടെ ഫുട്ബാൾ താരം മെസി മാത്രമാണ് ആദ്യ പത്ത് സ്ഥാനക്കാരിൽ ഉള്ള സ്പോർട്സ് താരം. ഓരോ പോസ്റ്റിനും 1.1 മില്ല്യൺ യു എസ് ഡോളർ (8.21 കോടി രൂപ) പ്രതിഫലം ലഭിക്കുന്ന മെസി ഏഴാം സ്ഥാനത്താണുള്ളത്.