ശ്രീനഗർ : അന്താരാഷ്ട്ര അതിർത്തിക്ക് സമീപം വീണ്ടും ഡ്രോൺ സാന്നിദ്ധ്യം. ഇന്ന് പുലർച്ചെ ജമ്മുവിലെ അർനിയ സെക്ടറിലാണ് ഡ്രോണിനെ കണ്ടത്. ഇന്ത്യൻ വ്യോമസേനാ താവളത്തിൽ ആക്രമണം ഉണ്ടായതിന് ശേഷം ഇത് അഞ്ചാം തവണയാണ് ജമ്മുവിൽ ഡ്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ലഭിക്കുന്ന വിവരമനുസരിച്ച് പാക് അതിർത്തിക്കപ്പുറത്ത് നിന്നുമാണ് ഡ്രോൺ എത്തിയത്. എന്നാൽ സൈനികർ ഡ്രോണിനെ കണ്ടെത്തി എന്ന് മനസിലാക്കിയതോടെ ഡ്രോണിനെ നിയന്ത്രിച്ചവർ
അതിർത്തി കടത്താതെ ഏറെ നേരം ആകാശത്ത് നിലനിർത്തുകയായിരുന്നു.
ഡ്രോണിനെ കണ്ടതോടെ ബി എസ് എഫ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകാനായി ആകാശത്തേയ്ക്ക് നിറയൊഴിച്ചു. ഇതേതുടർന്ന് കുറച്ചു നേരം പ്രദേശത്ത് ചുറ്റി സഞ്ചരിച്ച ശേഷം ഡ്രോൺ തിരികെ പാക് ഭാഗത്തേയ്ക്ക് മടങ്ങി. കഴിഞ്ഞ ഞായറാഴ്ചയാണ് രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ജമ്മു വിമാനത്താവളത്തിലെ വ്യോമസേന സെക്ടറിൽ ഭീകരർ ആക്രമണം നടത്തിയത്. ഭീകരരുടെ ലക്ഷ്യസ്ഥാനം പിഴച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്.
ഇതാദ്യമായാണ് ഡ്രോൺ ഉപയോഗിച്ച് രാജ്യത്ത് ഭീകരർ ആക്രമണം നടത്തുന്നത്. ചൊവ്വാഴ്ചയും ജമ്മുവിലെ കുഞ്വാനി, സഞ്വാൻ, കലുചക് പ്രദേശങ്ങളിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ ഡ്രോണുകൾ കണ്ടെത്തിയിരുന്നു. ഇതിന് തൊട്ടടുത്ത ദിവസവും മിറാൻ സാഹിബ്, കലുചക്, കുഞ്ച്വാനി പ്രദേശങ്ങളിൽ ഡ്രോണുകളുടെ സാന്നിദ്ധ്യം കണ്ടെത്തി. സൈനികർ ഡ്രോണുകൾ കണ്ടയുടൻ നിറയൊഴിക്കുന്നതിനാൽ വേഗം പാകിസ്ഥാൻ ഭാഗത്തേയ്ക്ക് മടങ്ങിപ്പോവുകയായിരുന്നു. ഡ്രോൺ ഭീഷണിയെത്തുടർന്ന് ജമ്മുവിലെ വ്യോമസേന സ്റ്റേഷനിൽ ഡി ആർ ഡി ഒ നിർമ്മിച്ച ഡ്രോൺ വിരുദ്ധ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.