പുൽവാമ: ജമ്മു കാശ്‌മീരിലെ പുൽവാമയിൽ ഹൻജിൻ ഗ്രാമത്തിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. മൂന്ന് ഭീകരരെ സൈന്യം വധിച്ചതായാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലർച്ചെയാണ് സ്ഥലത്ത് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടൽ നടക്കുകയാണ്. മൂന്ന് മുതൽ നാല് വരെ ഭീകരർ സ്ഥലത്ത് ഒളിച്ചിരുപ്പുണ്ടെന്നാണ് വിവരം.
സ്ഥലത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ പരിശോധനയ്‌ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടന്ന ശക്തമായ പോരാട്ടത്തിലാണ് മൂന്ന് ഭീകരരെ വധിച്ചത്.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ അജ്ഞാത ഡ്രോൺ സാന്നിദ്ധ്യമുണ്ടായിരുന്ന കാശ്‌മീരിൽ വ്യാഴാഴ്‌ചയും ഡ്രോൺ കണ്ടതായി റിപ്പോർട്ട്. ഇന്ത്യ-പാക് അതിർത്തിയിൽ അർണിയ സെക്‌ടറിലാണ് അതിർത്തി രക്ഷാ സേന ഡ്രോൺ കണ്ടത്. സൈനികർ ഡ്രോണിന് നേരെ വെടിയുതിർത്തു. എളുപ്പത്തിലുളള ഡ്രോണുകളുടെ ലഭ്യത പാകിസ്ഥാനിൽ നിന്നുളളതും അവർ പിന്തുണയ്‌ക്കുന്നതുമായ വിഘടനവാദികളിൽ നിന്ന് വലിയ ഭീഷണിക്ക് കാരണമാകുന്നതായി കരസേന മേധാവി ജനറൽ എം.എം. നരവനെ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഞായറാഴ്‌ചയാണ് ഡ്രോൺ ആക്രമണത്തിൽ ജമ്മുവിലെ എയർഫോഴ്‌സ് സ്‌റ്റേഷന് നേരിയ കേടുണ്ടായത്. രണ്ട് സ്‌ഫോടനമാണ് ഇത്തരത്തിൽ ഉണ്ടായത്. ഈ സംഭവത്തിൽ അന്വേഷണം തുടരുകയാണ്.