ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭ പുനസംഘട ഏറെ നാളായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടീം മോദിയുടെ വിപുലീകരണം കൊവിഡും, വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും കാരണം നീണ്ടു പോവുകയായിരുന്നു. എന്നാൽ പുനസംഘടന ഇനിയും നീളില്ലെന്നും, പുതിയ മന്ത്രിമാരുടെ പേരു വിവരങ്ങൾ പാർട്ടി ഉടൻ പ്രഖ്യാപിക്കുമെന്നും അറിയുന്നു. പുതിയ മന്ത്രിസഭയിൽ 81 മന്ത്രിമാരുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് വൈകിട്ടോടെ മോദി സർക്കാർ വിപുലീകരണത്തെ കുറിച്ച് ധാരണയായേക്കും. നിലവിൽ 53 മന്ത്രിമാരാണ് കേന്ദ്രമന്ത്രിസഭയിലുള്ളത്. ഇതിൽ മിക്ക മന്ത്രിമാർക്കും ഒന്നിലധികം വകുപ്പുകളുടെ ചുമതലയുണ്ട്. ഈ വകുപ്പുകളിൽ പുതിയ മുഖങ്ങൾ കൊണ്ടുവരാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഉത്തർപ്രദേശിൽ അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ മന്ത്രിസഭ വിപുലീകരണത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കുന്നു. ഉത്തർപ്രദേശിൽ ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാദളിനെ നയിക്കുന്ന അനുപ്രിയ പട്ടേലിന് കേന്ദ്ര മന്ത്രിസഭയിൽ മികച്ച വകുപ്പ് ലഭിച്ചേക്കും. 2014 ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ ബിജെപിയുടെ സഖ്യകക്ഷിയാണ് അപ്നദൾ (എസ്). ഒന്നാം മോദി സർക്കാരിൽ മന്ത്രിസ്ഥാനം കിട്ടുകയും ചെയ്തിരുന്നു.
നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദൾ (യുണൈറ്റഡ്) വീണ്ടും മന്ത്രിസഭയിൽ ചേരുമെന്നും ഉറപ്പായിട്ടുണ്ട്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജൂൺ 22 ന് ന്യൂഡൽഹി സന്ദർശിച്ചത് ഇക്കാര്യങ്ങൾ ചർച്ച ചെയ്യുവാനാണെന്നാണ് റിപ്പോർട്ടുകൾ.
ബിജെപി എംപിമാരായ വരുൺ ഗാന്ധി, റിത ബഹുഗുണ ജോഷി എന്നിവർ മന്ത്രി സഭയിൽ ഇടം പിടിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇവർക്ക് പുറമേ മുൻ ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി,മദ്ധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യ, മുൻ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൽ, ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവ് , മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണൻ തുടങ്ങിയവരുടെ പേരുകളും ഉയരുന്നുണ്ട്.
2019 ൽ പ്രധാനമന്ത്രി മോദി അധികാരത്തിൽ വന്നതിനുശേഷം നടക്കുന്ന ആദ്യത്തെ പുന:സംഘടനയാണിത്.