jandj

ന്യൂഡൽഹി:അതിവേഗം പടർന്നുപിടിക്കുന്ന കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഡെൽറ്റാ വൈറസുകൾക്കെതിരെ തങ്ങളുടെ വാക്‌സിൻ ഫലപ്രദമാണെന്ന് ജോൺസൺ ആന്റ് ജോൺസൺ. കമ്പനിയുടെ കൊവിഡ് പ്രതിരോധ ഒറ്റ ഡോസ് വാക്‌സിൻ ഡെൽറ്റാ വകഭേദത്തെ ശക്തമായി ചെറുക്കുന്നുണ്ട്. ഡെൽറ്റാ വകഭേദം മാത്രമല്ല മറ്റ് ഭേദങ്ങൾക്കും ജോൺസൺ ആന്റ് ജോൺസൺ വാക്‌സിൻ ഫലപ്രദമാണെന്ന് കമ്പനി പറയുന്നു.

ഇന്ത്യയിൽ വാക്‌സിന് ക്ളിനിക്കൽ പഠനം ആവശ്യമില്ലെന്ന് കമ്പനി അറിയിച്ചതിന് പിന്നാലെയാണ് നിർണായകമായ ഈ വിവരവും അറിയിച്ചത്. നിലവിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയെന്നും ഈ മാസം തന്നെ ഇന്ത്യയിൽ വാക്‌സിൻ ലഭ്യമാകുമെന്നുമാണ് ജോൺസൺ ആന്റ് ജോൺസൺ നൽകുന്ന വിവരം.

ലോകാരോഗ്യ സംഘടന നൽകുന്ന വിവരമനുസരിച്ച് ലഘുവായതും നേരിയതുമായ ലക്ഷണങ്ങളുള‌ള കൊവിഡ് രോഗത്തോട് 66.3 ശതമാനം ഫലപ്രാപ്‌തിയാണ് വാക്‌സിൻ പ്രദർശിപ്പിച്ചത്. എന്നാൽ ഗുരുതര രോഗമുള‌ളവരിൽ ഇത് 76.3 ആണ്. വാക്‌സിൻ സ്വീകരിച്ച നാലാഴ്‌ച കഴിഞ്ഞവരിൽ 100 ശതമാനത്തിനും ആശുപത്രിയിൽ കഴിയേണ്ടി വന്നില്ല.

ഈ വർഷം ഫെബ്രുവരിയിലാണ് അമേരിക്ക ജോൺസൺ ആന്റ ജോൺസന്റെ ഒറ്റ ഡോസ് വാക്‌സിന് അംഗീകാരം നൽകിയത്. എന്നാൽ വൈകാതെ വാക്‌സിനെടുക്കുന്നവരിൽ രക്തം കട്ടപിടിക്കുന്ന പ്രശ്‌നങ്ങൾ റിപ്പോ‌ർട്ട് ചെയ്‌തു. മേയ് മാസത്തിലാണ് ബ്രിട്ടൺ വാക്‌സിന് അംഗീകാരം നൽകിയത്.

ഇന്ത്യയിൽ ഇതുവരെ 34 കോടി ഡോസ് വാക്‌സിൻ നൽകി. ആകെ 4.23 ശതമാനം പേർക്കാണ് പൂർണമായും വാക്‌സിനേഷൻ നടപ്പാക്കിയത്. വാക്‌സിൻ വിതരണം ത്വരിതപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.