vaccine-

വിക്ടോറിയ : ശതമാനക്കണക്കിൽ മറ്റേതൊരു രാജ്യത്തേക്കാളും പൗരൻമാർക്ക് വാക്സിനേഷൻ നടത്തിയെങ്കിലും കൊവിഡിനെ പിടിച്ചു കെട്ടാനാവാത്തതിന്റെ ആശങ്കയിലാണ് ദ്വീപ് രാഷ്ട്രമായ സീഷെൽസ്. കുത്തിവയ്‌പ്പെ എടുത്തിട്ടും ഇവിടെ ആറു പേർ മരണപ്പെട്ടതാണ് മാദ്ധ്യമങ്ങളിൽ വാർത്തയാവുന്നത്. ടൂറിസമാണ് സീഷെൽസിലെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്.

അതിനാൽ തന്നെ രാജ്യത്ത് ആളുകളെ വേഗത്തിൽ വാക്സിൻ നൽകി ടൂറിസത്തിന്റെ പാതയിലേക്ക് അതിവേഗം തിരികെ എത്താനായിരുന്നു സീഷെൽസ് ഭരണാധികാരികളുടെ പദ്ധതി. ഇതിനായി 98,000 ആളുകൾക്കാണ് കുത്തിവയ്പ്പ് എടുത്തത്. പ്രധാനമായും ഇന്ത്യയും ചൈനയും നൽകിയ വാക്സിനാണ് ഇതിനായി ഉപയോഗിച്ചത്. ഇതിൽ ഇന്ത്യ നൽകിയ കോവിഷീൽഡാണ് പ്രധാനമായും സീഷെൽസ് 60 വയസിനു മുകളിലുള്ളവർക്കായി നീക്കിവച്ചത്.

രാജ്യത്തെ ഭൂരിഭാഗം പേർക്കും കുത്തിവയ്‌പ്പെടുത്തെങ്കിലും മേയ് മാസത്തോടെയാണ ദ്വീപിൽ വീണ്ടും കൊവിഡ് ശക്തി പ്രാപിച്ചത്. ഇത് ഇന്ത്യയിൽ പടർന്ന ഡൽറ്റാ വകഭേദമായിരുന്നുവെന്ന് പൊതുജനാരോഗ്യ കമ്മീഷണർ ജൂഡ് ഗെദിയോൺ പറയുന്നു. കൊവിഡ് പിടിമുറുക്കിയതോടെ ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും വീണ്ടും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

കുത്തിവയ്‌പ്പെടുത്തിട്ടും കൊവിഡ് ബാധിച്ച് മരണപ്പെട്ടവരിൽ അഞ്ചുപേർ ഇന്ത്യയിൽ നിർമ്മിച്ച കോവിഷീൽഡ് എടുത്തവരാണ്, ഒരാളാകട്ടെ ചൈന നിർമ്മിച്ച സിനോഫാം എടുത്തയാളും. മറ്റേതൊരു രാജ്യത്തെക്കാളും ജനസംഖ്യയുടെ ഭൂരിഭാഗം പേർക്കും കുത്തിവയ്‌പെടുത്തിട്ടും കൊറോണ വൈറസ് പിടികൊടുക്കാതെ വീണ്ടും തരംഗം തീർക്കുന്നതാണ് അധികാരികളെ അമ്പരപ്പിക്കുന്നത്.