goggles

മാഡ്രിഡ്: മകൻ പിച്ചവച്ച് നടക്കാൻ പഠിക്കുന്ന സമയത്താണ് ജേയ്മി പ്യൂഗും ഭാര്യ കോൺസ്റ്റൻസ ലുസേറോയും ഒരു കാര്യം ശ്രദ്ധിക്കുന്നത്. കുഞ്ഞ് പടിക്കെട്ടുകൾ കയറാനും മുന്നിലെ തടസങ്ങൾ ഒഴിവാക്കാനും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. നിരവധി ഡോക്ടർമാരെ സമീപിച്ച അവർ ഒടുവിൽ കാരണം കണ്ടെത്തി. മകന് കാഴ്ചശക്തി കുറവാണ്, ചികിത്സിച്ച് നേരെയാക്കുവാൻ സാധിക്കുകയുമില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് എൻജിനീയർ ആയ പ്യൂഗും ഡോക്ടറായ അദ്ദേഹത്തിന്റെ ഭാര്യയും, മകന് വേണ്ടി പ്രത്യേകം കണ്ണട ഉണ്ടാക്കാൻ തീരുമാനിക്കുന്നത്.

തങ്ങളുടെ കൈവശം ഉണ്ടായിരുന്ന 66000 യൂറോയും (ഏകദേശം 57 ലക്ഷം ഇന്ത്യൻ രൂപ) ക്രൗണ്ട് ഫണ്ടിംഗിലൂടെ സ്വരൂപിച്ച തുകയും എല്ലാം കൂടി ചേർത്ത് 900,000 യൂറോ (ഏഴു കോടി ഇന്ത്യൻ രൂപ) ചിലവിൽ അവർ മകന് വേണ്ടി ഒരു കണ്ണട നിർമ്മിച്ചു. ഒറ്റനോട്ടത്തിൽ കണ്ടാൽ വീഡിയോ ഗെയിം കളിക്കാൻ ഉപയോഗിക്കുന്ന കണ്ണടകളാണെന്ന് പറയുന്ന ഇവ ഒരു 3ഡി ഇമേജ് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. കണ്ണട ഉപയോഗിക്കുന്ന വ്യക്തിയുടെ മുന്നിൽ ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ വന്നാൽ കണ്ണട ഈ വ്യക്തിക്ക് മുന്നറിയിപ്പ് നൽകും. മാത്രമല്ല ഏതെങ്കിലും ഒരു പ്രത്യേക വസ്തുവിനെ കേന്ദ്രീകരിച്ച് അവയെ വലുതാക്കാനും ആ വസ്തുവിനെ കുറിച്ചുള്ള വിവരങ്ങൾ നൽകാനും ഈ കണ്ണടയ്ക്ക് സാധിക്കും.

ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിൽ പ്രത്യേകമായി നിർമ്മിക്കുന്ന ഈ കണ്ണടകൾ വിപണിയിൽ ഏകദേശം 4900 യൂറോ (നാല് ലക്ഷം രൂപ) വിലമതിക്കും. ഈ വർഷം തന്നെ കണ്ണട സ്പെയിനിലെയും ഡെന്മാർക്കിലേയും വിപണിയിൽ എത്തിക്കുവാനാണ് പ്യൂഗ് പദ്ധതിയിടുന്നത്. ഭാവിയിൽ ഈ കണ്ണടകളിൽ ശബ്ദനിർദേശങ്ങളും ഗൂഗിൾ മാപ്പും ചേർക്കാൻ പ്യൂഗിന് പദ്ധതിയുണ്ട്.