ന്യൂഡൽഹി: വാക്‌സിൻ വിതരണത്തിൽ കേന്ദ്ര സർക്കാരിന് നേരെ വിമർശനവുമായി രാഹുൽ ഗാന്ധി. രാഹുലിന് അഹങ്കാരവും അജ്ഞതയുമാണെന്ന് തിരിച്ചടിച്ച് കേന്ദ്ര ആരോഗ്യമന്ത്രി. ജൂലായ് മാസം വന്നു എന്നിട്ടും ഇന്ത്യയിൽ വാക്‌സിൻ മാത്രം വന്നില്ലെന്നായിരുന്നു രാഹുൽഗാന്ധിയുടെ ട്വീറ്റ്. ജൂലായ് മുതൽ പ്രതിദിനം ഒരുകോടി ഡോസ് വാക്‌സിൻ നൽകുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനത്തിന് നേരെയായിരുന്നു രാഹുലിന്റെ ട്വിറ്ററിലൂടെയുളള പരിഹാസം.
രാഹുലിന്റെ ട്വീറ്റിന് ശക്തമായ മറുപടിയാണ് ട്വിറ്ററിലൂടെത്തന്നെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ നൽകിയത്. ജൂലായ് മാസം ലഭിക്കുന്ന വാക്‌സിനെക്കുറിച്ചുളള വിവരങ്ങൾ ഇന്നലെയാണ് ഞാൻ അറിയിച്ചത്. രാഹുൽ ഗാന്ധി അത് വായിച്ചില്ലേ? എന്താണ് അദ്ദേഹത്തിന്റെ പ്രശ്‌നം? അഹങ്കാരത്തിന്റെയും അജ്ഞതയുടെയും വൈറസിന് വാക്‌സിനില്ല. ഹർഷ് വർദ്ധൻ പറഞ്ഞു. നേതൃത്വ പരിശോധനയെക്കുറിച്ച് കോൺഗ്രസ് ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Just yesterday, I put out facts on vaccine availability for the month of July.
What is @RahulGandhi Ji’s problem ?Does he not read ?
Does he not understand ?
There is no vaccine for the virus of arrogance and ignorance !!@INCIndia must think of a leadership overhaul ! https://t.co/jFX60jM15w— Dr Harsh Vardhan (@drharshvardhan) July 2, 2021
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധങ്ങളെക്കുറിച്ചും അദ്ദേഹം വിമർശിച്ചു. രാജസ്ഥാൻ സർക്കാർ ഓക്‌സിജൻ കോൺസൺട്രേറ്റുകൾ വാങ്ങിയതിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രതികരിച്ചത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വാക്‌സിൻ ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയതിൽ സർക്കാരുകൾ പ്രതികരിച്ചതോടെയാണ് രാഹുൽഗാന്ധി ട്വിറ്ററിൽ പരിഹാസമുന്നയിച്ചത്.