കൊച്ചി: ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അന്വേഷണം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി, അന്വേഷണ പുരോഗതി അറിയിക്കാൻ ദ്വീപ് ഭരണകൂടത്തിന് നിർദ്ദേശം നൽകി.
തനിക്കെതിരായി ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഐഷ സുൽത്താന ഹൈക്കോടതിയിൽ ഹർജി നൽകിയത്. കവരത്തി പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ് ഐ ആറും കേസിന്മേലുള്ള തുടർ നടപടികളും റദ്ദാക്കണമെന്നായിരുന്നു ആവശ്യം. സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്‍റെ ദുരുപയോഗമാണെന്നും ഹർജിയിൽ പറയുന്നു.
തന്‍റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപങ്ങൾക്കോ മറ്റോ വഴിവച്ചിട്ടില്ല. ഈ സാഹചര്യത്തിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുത്തത് നിലനിൽക്കില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഐഷ സുൽത്താനയുടെ ഹർജി തള്ളണമെന്നും കേന്ദ്ര സർക്കാർ കോടതിയിൽ നിലപാടെടുത്തു.