rape

അൾവാർ: രാജസ്ഥാനിലെ അൾവാറിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോയി തുടർച്ചയായി രണ്ട് വർഷം പീഡിപ്പിച്ച മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. 2019ൽ ആദ്യം തട്ടികൊണ്ടുപോയി പീഡിപ്പിച്ചപ്പോൾ തന്നെ പെൺകുട്ടി അൾവാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് നടപടിയൊന്നും എടുത്തില്ല. തുടർന്ന് പെൺകുട്ടിയുടെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നത് പ്രതികൾ പതിവാക്കി. കഴിഞ്ഞദിവസം ഈ വീഡിയോ പ്രതികൾ സാമൂഹികമാദ്ധ്യമങ്ങളിൽ അപ്ലോഡ് ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടി അൾവാറിലെ തന്നെ വനിതാ പൊലീസ് സ്റ്റേഷനിലെ പൊലീസ് സൂപ്രണ്ട് തേജസ്വിനി ഗൗതത്തിന് നൽകിയ പരാതിയിലാണ് വികാസ്, ഭുരു ജാട്ട്, ഗൗതം സാനി എന്നിവരെ അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത് അനുസരിച്ച് വികാസ്, ഭുരു ജാട്ട് എന്നിവർ 2019ൽ പെൺകുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിക്കുകയും അതിന്റെ വീഡിയോ ഫോണിൽ പകർത്തുകയും ചെയ്തു. അതിനു ശേഷം ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പലതവണ അവർ ഈ പെൺകുട്ടിയെ പീഡിപ്പിച്ചു. ഒരാഴ്ച മുമ്പ് ഗൗതം സാനി എന്ന വ്യക്തി ഇതേ വീഡിയോ പെൺകുട്ടിക്ക് അയച്ചുകൊടുത്ത ശേഷം നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് മെസേജ് അയച്ചു. പെൺകുട്ടി അത് നിരസിച്ചതിനെ തുടർന്ന് ഇയാൾ ആ വീഡിയോ സാമൂഹികമാദ്ധ്യമങ്ങളിൽ അപ്ലോഡ് ചെയ്തു. പെൺകുട്ടിയുടെ പരാതിയിന്മേൽ വികാസ്, ഭുരു ജാട്ട് എന്നിവർക്കെതിരെ പീഡനത്തിനും ഗൗതം സാനിക്കെതിരെ ഐ ടി വകുപ്പുകൾ പ്രകാരവും കേസെടുത്തതായി പൊലീസ് അറിയിച്ചു. അതേസമയം പെൺകുട്ടിയുടെ ആദ്യത്തെ പരാതിയിൽ പൊലീസിന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ചകളുണ്ടായോ എന്ന് അന്വേഷണം നടത്തുമെന്നും അതിനുശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നും അൾവാർ സർക്കിൾ ഓഫീസർ അമിത് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.