ബംഗളൂരു: കോൺഗ്രസിനെതിരെ വിവാദ പരാമർശമടങ്ങിയ വിമർശനവുമായി കർണാടക മുൻ മുഖ്യമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച്.ഡി.കുമാരസ്വാമി. ഒരു പാർട്ടി ചടങ്ങിലായിരുന്നു കുമാരസ്വാമിയുടെ അഭിപ്രായപ്രകടനം. മുസ്‌ളീം സഹോദരന്മാർ ഒരു കാര്യം മനസിലാക്കണം. ബിജെപി കർണാടകയിൽ അധികാരത്തിലുണ്ടെങ്കിൽ അതിന് കാരണം കോൺഗ്രസാണ്. അല്ലാതെ ജെ.ഡി (എസ്) അല്ല. കോൺഗ്രസ് തനിയെ സംസ്ഥാനത്ത് അധികാരത്തിലേറാനുളള ശക്തിയില്ല എന്ന യാഥാർത്ഥ്യം മുസ്ലീം സമുദായം മനസിലാക്കണമെന്നും കുമാരസ്വാമി പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനം ഉദാഹരണമായി കാണിച്ച് ഇനി രാജ്യത്തിന്റെ ഭാവി പ്രാദേശിക പാർട്ടികളിലാണെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടു. കോൺഗ്രസ് ഇനിയൊരിക്കലും അധികാരത്തിൽ വരില്ലെന്നും കുമാരസ്വാമി പറഞ്ഞു. ഇക്കാര്യം മുസ്‌ളീം വിഭാഗം മനസിലാക്കിയില്ലെങ്കിൽ അവർ ഇനിയും അനുഭവിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2013ൽ കോൺഗ്രസ് അധികാരത്തിൽ വന്നത് അന്ന് ബിജെപിയിലുണ്ടായിരുന്ന വിഭാഗീയത മുതലെടുക്കാണ്. കർണാടക കോൺഗ്രസിൽ നിലവിലുളള വിഭാഗീയതയെക്കുറിച്ചും കുമാരസ്വാമി പ്രതികരിച്ചു. 'ഇലക്ഷൻ രണ്ട് വർഷം കഴിഞ്ഞാണെങ്കിൽ പോലും ആരാണ് അടുത്ത മുഖ്യമന്ത്രി എന്നതിനെ ചൊല്ലി കോൺഗ്രസിൽ ഇപ്പോഴേ തമ്മിൽതല്ലുണ്ട.' കുമാരസ്വാമി പരിഹസിച്ചു.