bengaluru

ബംഗളൂരു: ബംഗളൂരു നഗരത്തിൽ ഒന്നിലേറെതവണ സ്ഫോടനത്തിനു തുല്യമായ ശബ്ദം കേട്ടത് പരിഭ്രാന്തി പരത്തി. ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ രാജ്യത്ത് പലയിടത്തും റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ ആണ് ഈ ശബ്ദം കേട്ടത് എന്നതാണ് നഗരവാസികളിൽ പരിഭ്രാന്തിക്ക് കാരണമായി തീർന്നത്. ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർസോണിക് വിമാനങ്ങൾ ശബ്ദത്തെക്കാൾ കൂടിയ വേഗം കൈവരിക്കുമ്പോൾ സാധാരണ ഗതിയിൽ ഇത്തരം ശബ്ദങ്ങൾ കേൾക്കാറുണ്ട്. എന്നാൽ പതിവ് വിമാനപറക്കലുകൾ അല്ലാതെ പ്രത്യേകമായ പരീക്ഷണങ്ങൾ ഒന്നും തന്നെ ഇന്ന് നടത്തിയില്ലെന്നും ഇന്ന് കേട്ട ശബ്ദത്തെ കുറിച്ച് തങ്ങൾക്ക് കൂടുതലായി ഒന്നും പറയാൻ ഇപ്പോൾ സാധിക്കില്ലെന്നും ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച് എ എൽ) അറിയിച്ചു.

നഗരത്തിന്റെ പല ഭാഗത്തും ഈ ശബ്ദം കേട്ടതായി റിപ്പോർട്ട് ഉണ്ട്. സർജാപൂർ, ജെ പി നഗർ, ബെൻസൺ ടൗൺ, ഐ എസ് ആർ ഒ ലേഔട്ട്, ഉൾസൂർ, എച്ച് എസ് ആർ ലോഔട്ട്, ബംഗളൂരു സൗത്ത്, ബംഗളൂരു ഈസ്റ്റ് എന്നിവിടങ്ങളിലാണ് പ്രധാനമായും ശബ്ദം കേട്ടത്. ഇത് ആദ്യമായല്ല ബംഗളൂരു ഇത്തരത്തിലൊരു ശബ്ദം കേൾക്കുന്നത്. കഴിഞ്ഞ വർഷം മേയിൽ സമാനമായൊരു ശബ്ദം കേട്ടത് അന്നും വൻ പരിഭ്രാന്തി പരത്തിയിരുന്നു. എന്നാൽ അത് ഒരു വിമാനം പരിശീലനപറക്കൽ നടത്തിയതാണെന്ന് എയർഫോഴ്സ് വൃത്തങ്ങൾ പിന്നീട് വിശദീകരണം നൽകിയിരുന്നു.