val

‌സീതാദേവിയെ ആശ്രമത്തിലും പരിസരത്തിലും കാണാതെ വിഷമിച്ച ശ്രീരാമൻ ദേവിയെ ആശ്രമത്തിൽ ഒറ്റയ്‌ക്കാക്കി പുറപ്പെട്ട ലക്ഷ്‌മണനോട് വിഷാദസ്വരത്തിൽ ചോദിച്ചു: പ്രിയലക്ഷ്‌മണാ നീ എന്തുകൊണ്ടാണ് സീതയെ ഏകാകിനിയാക്കിയത്. അവൾ എന്നിൽ നിന്നു പോയിരിക്കുന്നു. അതോർക്കുമ്പോൾ എന്റെ ഹൃദയം വിതുമ്പുന്നു. വലിയൊരാപത്ത് സംഭവിച്ചതായി തോന്നുന്നു. മനസ് അങ്ങനെ പറയുകയും ചെയ്യുന്നു. അത് ചിന്തിക്കുമ്പോൾ ദുഃഖം സഹിക്കാനാകുന്നില്ല. ഇടം കണ്ണും ഇടം കൈയും ഹൃദയവും തുടിക്കുന്നു. നിന്നെ ഒറ്റയ്‌ക്ക് കണ്ടപ്പോൾതന്നെ പരിഭ്രമം തോന്നി അതിപ്പോൾ വർദ്ധിച്ചുവരുന്നു.

ധർമ്മിഷ്‌ഠനും നീതിയുക്തനുമായ ലക്ഷ്‌മണനെ ശ്രീരാമന്റെ വാക്കുകൾ കടുത്ത ദുഃഖം തോന്നി. അത് പ്രകടിപ്പിക്കുകയും ചെയ്‌തു. പ്രിയപ്പെട്ട ജ്യേഷ്‌ഠാ... ഞാൻ സീതാദേവിയെ ഒറ്റയ്‌ക്കാക്കി തന്നിഷ്‌ടപ്രകാരം വന്നതാണെന്ന് ചിന്തിക്കരുതേ. അവിടുത്തെ ശബ്‌ദത്തിൽ ആർത്തനാദം ഞാൻ ചെവികൊണ്ടുകേട്ടതാണ്. ഹാ സീതേ, ഹാ ലക്ഷ്‌മണാ എന്നെ രക്ഷിക്കണേ എന്നായിരുന്നു ആ വിലാപം. സീതാദേവിയും അത് ശ്രവിച്ചു. സ്വന്തം ആത്മാവിനെപ്പോലെ കാന്തനെ സ്നേഹിക്കുന്ന ദേവി ആ സമയത്ത് എന്നെ നിർബന്ധിച്ചു. വേഗത്തിൽ പോയി ജ്യേഷ്‌ഠനെ രക്ഷിക്കാൻ. ആ ശബ്‌ദം മായാപ്രയോഗമാണെന്ന് എനിക്കറിയമായിരുന്നു. എങ്കിലും ഭയപ്പാടോടെ പലവട്ടം പറഞ്ഞപ്പോൾ ഞാൻ ദേവിയോട് ഇപ്രകാരം പറഞ്ഞു: എന്റെ ജ്യേഷ്‌ഠന് ഭയമുണ്ടാക്കാൻ കെല്‌പുള്ള ഒരു ശക്തിയുമില്ല. അതിന് പ്രാപ്‌തിയുള്ള ഒരു രാക്ഷസനും പിറന്നിട്ടുമില്ല. ഇതു ഏതോ അസുരന്റെ ചതിയാണ്. എന്നെ രക്ഷിക്കൂ എന്ന മട്ടിലുള്ള വാക്കുകൾ ജ്യേഷ്‌ഠനിൽ നിന്ന് ഒരിക്കലും ഉണ്ടാകുകയില്ല. ദേവന്മാരെ പോലും രക്ഷിക്കുവാനുള്ള കരുത്ത് ശ്രീരാമനുണ്ട്. ഏതോ ദുഷ്‌ടരാക്ഷസൻ കബളിപ്പിക്കുവാൻ വേണ്ടി പുറപ്പെടുവിച്ച ശബ്‌ദമായിരിക്കും. ജ്യേഷ്‌ഠന്റെ ശബ്‌ദം അനുകരിച്ച് ലക്ഷ്‌മണാ എന്നെ രക്ഷിക്കൂ എന്ന് വിളിച്ചു പറഞ്ഞതാണ്. അതോർത്ത് സാധാരണ സ്ത്രീകളെപ്പോലെ ആലോചനയില്ലാതെ ദുഃഖിക്കരുത്. മനസ് പതറുകയും ചെയ്യരുത്. ശ്രീരാമനെ യുദ്ധത്തിൽ ജയിക്കാൻ മൂന്നുലോകത്തിനുള്ള ആർക്കും കഴിയാത്തതാണ് രാമനെ ജയിക്കാൻ കെല്‌പുള്ള ആരുമില്ല ബുദ്ധിരഹിതരായ സ്ത്രീകളെപ്പോലെ ദുഃഖിക്കരുത്.

ഞാൻ ഇപ്രകാരം പറഞ്ഞപ്പോൾ കണ്ണീരൊഴുക്കികൊണ്ട് പരുഷമായ സ്വരത്തിൽ ദേവി നിന്ദിക്കുകയായിരുന്നു. ലക്ഷ്‌മണാ ജ്യേഷ്‌ഠനൊപ്പം നീ വന്നത് ഭരതന്റെ നിർദ്ദേശപ്രകാരമായിരുന്നോ? ദുഷിച്ച ചിന്തകളും ആഗ്രഹവുമാണോ നിനക്കുള്ളത്. ജ്യേഷ്‌ഠന്റെ കഥ കഴിഞ്ഞാൽ നിനക്ക് എന്നെ സ്വന്തമാക്കാമെന്ന ചിന്തയായിരിക്കും ഉള്ളിൽ. അതൊരിക്കലും നടപ്പാക്കാൻ പോകുന്നില്ല. ഒരിക്കലും എന്നെ കിട്ടില്ല. ഭരതനോട് എല്ലാം ആലോചിച്ചുവന്നതായിരിക്കും നീ. അതല്ലേ ജ്യേഷ്‌ഠന് ആപത്ത് പിണഞ്ഞെന്നറിഞ്ഞിട്ടും പോകാത്തത്. നിഗൂഢ ശത്രുവാണ് നീ. എന്നെ തട്ടിയെടുക്കാൻ വേണ്ടിയല്ലേ നീ കൂടെ വന്നിട്ടുള്ളത്. അതല്ലേ നീ പോകാത്തത്.

ഇപ്രകാരം ജ്യേഷ്‌ഠത്തി കഠിനമായവാക്കുകൾ പറഞ്ഞപ്പോൾ ദുഃഖം അടക്കാൻ കഴിഞ്ഞില്ല. മറുത്തൊന്നും പറയാതെ ദുഃഖത്തോടും ഭയത്തോടും ഞാൻ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. അനുജന്റെ വാക്കുകൾ കേട്ടപ്പോൾ ശ്രീരാമന്റെ ദുഃഖം ഒന്നുകൂടി ഇരട്ടിച്ചു. നെടുവീർപ്പിട്ടു കൊണ്ട് ലക്ഷ്‌മണനെ സൗമ്യമായി കുറ്റപ്പെടുത്തുന്ന രീതിയിൽ ശ്രീരാമൻ പറഞ്ഞു: എന്തു പറഞ്ഞാലും സീതയെ ഒറ്റയ്‌ക്കാക്കി പോന്നത് ഒട്ടും ശരിയായില്ല. എത്ര പ്രബലനായ ശത്രുവന്നാലും അവനെ നേരിടാനുള്ള കരുത്ത് എനിക്കുണ്ടെന്ന് നിനക്കറിയാമല്ലോ. ക്ഷണികമായ കോപം കൊണ്ട് ഒരുപക്ഷേ സീത എന്തെങ്കിലും പറഞ്ഞെങ്കിൽ തന്നെ തനിച്ചാക്കിയിട്ട് ആശ്രമത്തിൽ നിന്ന് ഇറങ്ങിപ്പോന്നത് ഒട്ടും ശരിയായില്ല. ഇറങ്ങിയപ്പോൾ സീതയെയും കൂട്ടാമായിരുന്നു. സീതയെ ഒറ്റയ്‌ക്കാക്കി പോന്നത് എനിക്കൊട്ടും ഇഷ്‌ടമായില്ല. കോപം പന്ന ഒരു സ്ത്രീയുടെ വാക്കുകേട്ട് ഇറങ്ങിപ്പോരാൻ നിനക്ക് തോന്നിയല്ലോ. നീ ചെയ്‌തത് അപരാധം തന്നെ. സീതയെ സംരക്ഷിണക്കണമെന്ന എന്റെ കല്‌പന നീ മറന്നു. സീത എന്തോ ജല്‌പിച്ചപ്പോൾ നിനക്ക് കോപം വരികയും ചെ‌യ്‌തു. ആശ്രമത്തിൽ നിന്ന് എന്നെയകറ്റാൻ മാൻ വേഷമെടുത്തുവന്ന അസുരൻ എന്റെ ശരമേറ്റ് ചത്തു കിടക്കുകയാണ്. ആ ക്രൂരന്റെ മാൻവേഷം പോയി. തോൾവളകളണിഞ്ഞ് ഭയങ്കര രൂപമായിത്തീർന്ന ജീവൻ അവന്റെ ശരീരം വിട്ടുപോയി. എന്റെ ഒരു അസ്ത്രമേ അതിനുവേണ്ടിവന്നുള്ളൂ. ജീവൻ പോകുന്നതിനിടയിൽ ആ അസുരൻ ആർത്തസ്വരത്തിൽ എന്തോ പുലമ്പിയതുകേട്ട് നീ സീതയെ തനിച്ചാക്കി പോരുകയും ചെയ്‌തു. അത് തികഞ്ഞ അവിവേകമാണ്. ആലോചനാരഹിതമായ പ്രവർത്തിയാണ്.

(ഫോൺ: 9946108220)