കൊൽക്കത്ത: ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച ബംഗാളിലെ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ നാടകീയ രംഗങ്ങൾ. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യമായി നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഗവർണർ നടത്താറുളള നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതായിരുന്നു ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ. എന്നാൽ ബഹളം കാരണം അഞ്ച് മിനിട്ടിനകം തന്നെ ഗവർണർക്ക് പ്രസംഗം നിർത്തേണ്ടിവന്നു.
ബിജെപി എംഎൽഎമാർ പ്ളക്കാർഡുകളും പ്രതിഷേധ മുദ്രാവാക്യങ്ങളും ഒപ്പം 'ജയ് ശ്രീറാം' വിളികളുമായി ബംഗാൾ നിയമസഭയിൽ ശക്തമായി പ്രതിഷേധിച്ചു. ബഹളം അവസാനിക്കാത്തത് കണ്ട് ധൻകർ പ്രസംഗം വായന നിർത്തി തിരികെ മടങ്ങി. സ്പീക്കർ ബിമൻ ബാനർജി അദ്ദേഹത്തെ വാഹനത്തിനടുത്തുവരെ അനുഗമിച്ചു.
ഇത് ബിജെപിയുടെ പദ്ധതിയാണെന്നും ഗവർണറുടെ പ്രസംഗം അവതരിപ്പിക്കാതിരിക്കാനുളള ശ്രമമായിരുന്നെന്നുമാണ് തൃണമൂൽ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം. ഇതിനിടെ മുൻ വർഷത്തെ പോലെ ഇത്തവണയും സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ പ്രസംഗം സംസ്ഥാന ക്യാബിനറ്റ് പാസാക്കിയതാണെന്നായിരുന്നു മുഖ്യമന്ത്രി മമതാ ബാനർജി ഇതിന് നൽകിയ മറുപടി.