കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍റെ കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ച് പൂട്ടുന്നു. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരോട് കവരത്തിയിലേക്ക് തിരിച്ചെത്താൻ ലക്ഷദ്വീപ് ഭരണകൂടം നിർദേശം നൽകി. ഒരാഴ്‌ചക്കുള്ളിൽ കവരത്തിയിൽ റിപ്പോർട്ട് ചെയ്യാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.
കേരളത്തിലെത്തിലെത്തുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായിരുന്ന ഓഫീസാണ് അടച്ചുപൂട്ടുന്നത്. ഓഫീസിലെ എല്ലാ ഉപകരണങ്ങളും കവരത്തിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കണമെന്ന് അഡ്‌മിനിസ്ട്രേറ്റർ നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള തീരുമാനമെന്നാണ് വിവരം.
ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് പഠിക്കാൻ വരുന്ന വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പ് കൊച്ചിയിൽ ഓഫീസ് തുടങ്ങിയത്. ഓഫീസ് അടച്ചുപൂട്ടുന്ന വിഷയം പ്രധാമന്ത്രിയുടേയും പാർലമെന്‍റിന്‍റെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് എം പിമാരായ ടി എൻ പ്രതാപൻ, എളമരം കരീം തുടങ്ങിയവർ അറിയിച്ചു.