post-covid-care

മഹാമാരിയുടെ പശ്ചാത്തലത്തിൽ കൊവിഡ് ഇതര ചികിത്സകൾ അവതാളത്തിലായി എന്നത് നേര്. എന്നുകരുതി ചികിത്സയെ കൈവിട്ടുകളയരുത്.

സ്ഥിരമായി ചികിത്സ ചെയ്യുന്ന രോഗങ്ങളിൽ ഭൂരിഭാഗവും മരുന്ന് ഉപയോഗിക്കുന്നതിനൊപ്പം നിലവിലെ രോഗസ്ഥിതി അറിയാൻ ലാബോറട്ടറികളിൽ നിന്നുള്ളവ ഉൾപ്പെടെ മറ്റ് പരിശോധനകൾകൂടി നടത്തിവരുന്നവരായിരുന്നല്ലോ?

നിയന്ത്രണങ്ങൾക്ക് ഇളവ് വന്നെങ്കിലും ലാബുകളിൽ വിളിച്ച് മുൻകൂട്ടി സമയം തീരുമാനിച്ച് സൗകര്യപ്രദമായ രീതിയിൽ തിരക്കൊഴിവാക്കി പരിശോധനകൾ നടത്തേണ്ടതുണ്ട്. കാരണം, ജീവിതശൈലീ രോഗങ്ങളുടെ ചികിത്സ ഫലപ്രദമായി നടക്കുന്നുണ്ടെന്ന് വിലയിരുത്താൻ മാസത്തിലൊരിക്കലെങ്കിലും

ടെസ്റ്റുകൾ നടത്തിയിരുന്നവർ ഇപ്പോൾ ഒരു വർഷമായി പരിശോധിച്ചിട്ട് എന്നതാണ് സ്ഥിതി.

രോഗാവസ്ഥ ഇടയ്ക്കിടെ വിലയിരുത്താൻ സ്വന്തമായി ചില ഉപകരണങ്ങൾ വീട്ടിൽ വാങ്ങിവച്ചിരിക്കുന്നവരുണ്ട്. അവർ പലപ്പോഴും നോക്കുന്നുമുണ്ട്. അതിനനുസരിച്ച് മരുന്നിന്റെ അളവിൽ മാറ്റം വരുത്തുകയും ആവശ്യമുള്ളപ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുതന്നെ മാറ്റുകയും ചെയ്യുന്നുണ്ട്. ആശുപത്രിയിൽ പോകാതെ ഒരു ദിവസം പോലും തള്ളിനീക്കാനാകില്ലെന്ന് വിചാരിച്ച പലരും അവർക്ക് തന്നെ ആശ്ചര്യം തോന്നുന്ന വിധത്തിൽ വലിയ വേദനകളും പരാതികളുമില്ലാതെ ജീവിച്ചുപോകുന്നു.

കൊവിഡിന്റെ നല്ല പാഠം

ജീവിതശൈലീ രോഗ നിയന്ത്രണത്തിനായി വ്യായാമം ഉപയോഗപ്പെടുത്തിയിരുന്നവർ സ്വന്തം പുരയിടത്തിലെ കൃഷിപ്പണികളെങ്കിലും ചെയ്തില്ലെങ്കിൽ പെട്ടതുതന്നെ. ഇഷ്ടമുള്ള ആഹാരം അമിതമായി കഴിച്ച് രോഗികളായി തുടർന്നവരുടെ ഭക്ഷണ രീതി കുറെയൊക്കെ മാറ്റിയെന്നാണ് പലരും പറയുന്നത്. രോഗത്തെ ഉണ്ടാക്കുന്നവ എന്താണെന്ന് തിരിച്ചറിഞ്ഞ് അവ ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ കൊടുത്തു തുടങ്ങിയിട്ടുണ്ട് ചിലർ. ഏതായാലും അത് നല്ലത് തന്നെ.

ആശുപത്രിയിലേക്ക് അത്ര എളുപ്പത്തിൽ പോകാനാകില്ലെന്നും അഥവാ അവിടെയെത്തിയാൽത്തന്നെ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ സമയത്ത് ചികിത്സ ലഭിക്കാനിടയില്ലെന്നും മനസ്സിലാക്കി നിരവധിപേർ രോഗികളാകാതിരിക്കാനും അത്യാഹിതങ്ങളിൽ അകപ്പെടാതിരിക്കാനും പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് എന്നത് സത്യമാണ്. അവരോട് വളരെ സ്നേഹത്തോടെ ഉപദേശിക്കുവാനുള്ളത്, നിങ്ങൾ ഈ രീതി തുടരണമെന്നാണ്. അല്ലാതെ എന്തിനും ഏതിനും മരുന്നുണ്ടല്ലോ എന്ന ധൈര്യത്തിൽ രോഗികളാകാൻ മടികാണിക്കാത്ത പഴയ രീതി ആവർത്തിക്കരുതെന്നാണ്.

നമ്മുടെ സമൂഹത്തിൽ ചിലരെങ്കിലും അവരുടെ കഴിഞ്ഞ മൂന്നാല് വർഷത്തെ സന്ദർശനങ്ങൾ പരിശോധിച്ചാൽ അവർ ഏറ്റവും കൂടുതൽ തവണ പോയിട്ടുള്ളത് ആശുപത്രികളിലേക്കാണ്. ഏറ്റവും കൂടുതൽ കഴിച്ചിട്ടുള്ളത് മരുന്നാണ്. അസുഖം വന്നാൽ മരുന്ന് കഴിക്കരുതെന്ന അഭിപ്രായമൊന്നുമില്ല. എന്നാൽ, മരുന്നിനേയും ആശുപത്രികളേയും അമിതമായി ആശ്രയിക്കുന്ന ഒരു പ്രത്യേക മനോഭാവം കേരളീയർക്ക് ഇത്തിരി കൂടിപ്പോയിരുന്നില്ലേ എന്ന് ചിന്തിക്കേണ്ടതുണ്ട്.

ചെറിയ വേദനപോലും സഹിക്കാത്തവർ, മുട്ടുവേദന വന്നാൽ അതിനുവേണ്ടിമാത്രം നാട്ടിൽ എവിടെയൊക്കെ ഡോക്ടർമാർ ഉണ്ടോ അവരെയെല്ലാം പോയി കാണുന്നവർ, ആരു പറയുന്ന മരുന്നും വാങ്ങി കഴിക്കുന്നവർ, കൂട്ടത്തിൽ വ്യാജചികിത്സയും മന്ത്രവാദവുംവരെ ചെയ്യുന്നവർ, എത്ര രൂപ വേണമെങ്കിലും കുടുംബം വിറ്റും ചികിത്സയ്ക്കുവേണ്ടി ചെലവഴിക്കുന്നവർ, എന്തൊക്കെ പരിശോധനകളുണ്ടോ അവയൊക്കെ ചെയ്യണമെന്ന് ഡോക്ടർമാരോട് അങ്ങോട്ട് ആവശ്യപ്പെടുന്നവർ..... ഇതൊക്കെ നമുക്ക് നല്ലൊരു ആരോഗ്യാവസ്ഥ നൽകുന്നതല്ല.

വാശിയല്ല,​ വേണ്ടത് വിവേകം

ഗോതമ്പ് കഴിച്ചാൽ ഗ്യാസും അലർജിയുമുള്ളവർ എനിക്കത് കഴിച്ചേ പറ്റൂ, മരുന്ന് കൂടി വേണമെങ്കിൽ കഴിച്ചോളാം എന്നല്ല കരുതേണ്ടത്. കുഴപ്പമുള്ളവ തിരിച്ചറിഞ്ഞ് ഉപേക്ഷിക്കാനേ നിയന്ത്രിക്കാനേ ഉള്ള വിവേകമാണ് ഉണ്ടാകേണ്ടത്. ചായയിൽ മധുരം ചേർത്തേ കഴിക്കാൻ പറ്റൂ എന്ന് നിർബന്ധം പിടിക്കുന്ന പ്രമേഹരോഗിയും എണ്ണപ്പലഹാരം കഴിക്കണമെന്ന് വാശി പിടിക്കുന്ന കൊളസ്ട്രോൾ രോഗിയും അതൊക്കെ മാറ്റിവച്ച് നിയന്ത്രണങ്ങൾക്ക് തന്നെയാണ് പ്രാധാന്യം നൽകേണ്ടത്. ചിലരെങ്കിലും കൊളസ്ട്രോൾ വരാതിരിക്കാൻ ഒരു ഗുളിക, ദഹനക്കേട് വരാതിരിക്കാൻ മറ്റൊന്ന് എന്ന രീതിയിൽ ഇപ്പോൾ മരുന്ന് കഴിച്ച് തുടങ്ങിയിട്ടുണ്ട്. ഡോക്ടറെക്കൊണ്ട് നിർബന്ധിച്ച് മരുന്നെഴുതിക്കുന്നവർ പോലുമുണ്ട്. ഇത്തരം പ്രവണതകൾ ആരോഗ്യത്തെ നശിപ്പിക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട.

രോഗികളായിമാറി മരുന്ന് കഴിക്കാൻ സന്തോഷമുള്ള തലമുറയല്ല നമുക്ക് വേണ്ടത്. പരമാവധി മരുന്നിനെ ഒഴിവാക്കാൻ താല്പര്യമുള്ള തലമുറയാണ് ഉണ്ടാകേണ്ടത്. അതിന് ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾക്ക് ഇന്നുവരെ നൽകിയിട്ടില്ലാത്ത പ്രാധാന്യം നൽകേണ്ടി വന്നേക്കാം. ആഹാരവും വ്യായാമവും ഔഷധം പോലും വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടി വന്നേക്കാം.

ശീലം മാറ്റാൻ മടിവേണ്ട!

രോഗികളാകാതിരിക്കാനാണ് ഏറ്റവും അധികം പ്രാധാന്യം നൽകേണ്ടത്. അഥവാ രോഗികളായിപ്പോയിട്ടുണ്ടെങ്കിൽ മരുന്നുകൾ കുറച്ചു മാത്രം ഉപയോഗിച്ചുകൊണ്ട് രോഗാവസ്ഥയ്ക്കെതിരെ പോരാടാൻ ശരീരത്തെ സജ്ജമാക്കണം. അതിനായി പഥ്യങ്ങൾ പാലിക്കുകയും പാടില്ലാത്തവ ഒഴിവാക്കുകയും വേണം. ആഹാരമായാലും ശീലങ്ങളായാലും രോഗത്തിനും ആരോഗ്യത്തിനുമനുസരിച്ച് വ്യത്യാസപ്പെടുത്തണം. കൃത്യനിഷ്ഠ പാലിക്കുന്നതിനും വ്യായാമത്തിനും മനസ്സിനെ നിയന്ത്രിക്കുന്നതിനും കൂടുതൽ പ്രാധാന്യം നൽകണം. മനസമാധാനവും തൃപ്തിയുമുണ്ടാക്കുന്നവിധം കാര്യങ്ങൾ ശീലിക്കണം.വീര്യം കുറഞ്ഞ മരുന്നുകൾക്കും ചികിത്സയ്ക്കും പ്രാമുഖ്യം നൽകണം. രോഗാവസ്ഥയും ആരോഗ്യാവസ്ഥയും ഇടയ്ക്കിടെ സ്വയം വിലയിരുത്തുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം പരിശോധനകൾ നടത്തുകയും വേണം. ഇത്രയൊക്കെ ചെയ്തിട്ടും രോഗം നിയന്ത്രിക്കുന്നതിന് പരാജയപ്പെടുന്നവർ മാത്രമാണ് കൂടുതൽ ശക്തിയുള്ള മരുന്നിലേയ്ക്കും ചികിത്സയിലേക്കും പോകേണ്ടത്. അപ്പോഴും ഒരു കാര്യം കൂടി അറിഞ്ഞിരിക്കേണ്ടതാണ്. ചികിത്സയുടെ കാഠിന്യം കൂടുന്നതിനനുസരിച്ച് രോഗശമനം ലഭിക്കുന്ന ഒരാളിന് പോലും ആ ചികിത്സയുടെ തന്നെ ദോഷഫലങ്ങളും അനുഭവിക്കേണ്ടി വന്നേക്കാം. അത് ചികിത്സയുടെ ദോഷമാണെന്ന് പറയാനാകില്ല. കാരണം നമ്മുടെ ശരീരത്തിന് തന്നെ രോഗത്തെ നിയന്ത്രിക്കാനായില്ലെങ്കിൽ പിന്നെ പ്രവർത്തിക്കേണ്ടത് മരുന്നാണ്. മരുന്നിന് സാധാരണയായി വീണ്ടുവിചാരമൊന്നും ഉണ്ടാകണമെന്നില്ല. എന്താണോ അതിന്റെ ജോലി അത് മാത്രം ചെയ്യും. അപ്പോൾ മറ്റു ചില ഭാഗങ്ങൾക്ക് ചില കുഴപ്പങ്ങൾ സംഭവിക്കുന്നത് സ്വാഭാവികം. ചുരുക്കത്തിൽ,​ മരുന്നുകളോടുള്ള അമിതമായ പ്രതിപത്തി കുറയ്ക്കുന്നതിനൊപ്പം നിലവിലെ രോഗങ്ങളെ വരുതിയിലാക്കി ആരോഗ്യത്തോടെ ജീവിക്കാൻ അക്ഷീണം പ്രയത്നിക്കേണ്ടിയിരിക്കുന്നു.