taliban-

കാബൂൾ : വേൾഡ് ട്രേഡ് സെന്ററിൽ ആക്രമണം നടത്താനുള്ള അൽഖ്വയ്ദയുടെ നീക്കത്തിൽ കൈപൊള്ളിയത് അഫ്ഗാനിസ്ഥാനെ വർഷങ്ങളായി കാൽക്കീഴിലാക്കിയ താലിബാനാണ്. അമേരിക്കൻ ആക്രമണത്തിൽ മുച്ചൂടും തകർന്ന താലിബാൻ ഭീകരർ ഇപ്പോൾ തിരിച്ചു വരവിന്റെ പാതയിലെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്നും പിന്മാറുന്നതിന്റെ ചുവട് പിടിച്ചാണ് താലിബാൻ തിരിച്ചു കയറുന്നത്. അമേരിക്ക പൂർണമായും അഫ്ഗാനിസ്ഥാനിൽ നിന്നും പിന്മാറിയാൽ കേവലം ആറു മാസത്തിനകം തന്നെ അഫ്ഗാനിസ്ഥാൻ സർക്കാർ തകരുമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തി കഴിഞ്ഞു.

ഇപ്പോൾ തന്നെ അഫ്ഗാനിസ്ഥാന്റെ വടക്കു ഭാഗങ്ങൾ താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞു.
അഫ്ഗാനിസ്ഥാനിലെ 398 ജില്ലകളിൽ ഇപ്പോൾ 107 എണ്ണവും നിയന്ത്രിക്കുനന്നത് താലിബാനാണ്. സെപ്തംബർ പതിനൊന്നോടെ മുഴുവൻ അമേരിക്കൻ സൈനികരും അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങാനാണ് തീരുമാനം. സർക്കാർ സൈനികരുമായി നിരവധി സ്ഥലങ്ങളിൽ താലിബാൻ ഭീകരർ യുദ്ധത്തിലാണ്. അഫ്ഗാനിസ്ഥാന് താജിക്കിസ്ഥാനുമായുള്ള പ്രധാന അതിർത്തി പോലും ഇപ്പോൾ ഇവരുടെ നിയന്ത്രണത്തിലായി.

പാകിസ്ഥാനും ഭയം

അഫ്ഗാനിസ്ഥാൻ എന്നും പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഒരു നിധിയായിരുന്നു. അമേരിക്കയെ തങ്ങളോട് അടുപ്പിക്കുന്ന ഘടകമായിരുന്നു അഫ്ഗാനിസ്ഥാൻ. യു എസ് എസ് ആർ കാലഘട്ടത്തിൽ അഫ്ഗാനിസ്ഥാനിൽ തീവ്രവാദ പ്രവർത്തനങ്ങൾ വ്യാപിപിക്കാൻ അമേരിക്ക കോടികളും ആയുധങ്ങളും ഒഴുക്കിയത് പാക് രഹസ്യ ഏജൻസിയിലൂടെയാണ്. പിന്നീട് ശീതയുദ്ധം കഴിഞ്ഞപ്പോഴും തീവ്രവാദികളെ ഇന്ത്യയ്‌ക്കെതിരെ തിരിക്കാൻ പാകിസ്ഥാൻ പല വിദ്യകളും പയറ്റിയിരുന്നു. ഇന്ത്യൻ വിമാന റാഞ്ചലിൽ പോലും അഫ്ഗാനിസ്ഥാനെ സുരക്ഷിത സ്ഥലമായിട്ടാണ് തീവ്രവാദികൾ കണ്ടത്.

അതേസമയം അമേരിക്കയിൽ 2001ൽ ഭീകാരാക്രമണം നടന്നതോടെ പാകിസ്ഥാന് വീണ്ടും ശുക്രനുദിക്കുകയായിരുന്നു. താലിബാനെ നേരിടാൻ അമേരിക്കൻ സൈന്യത്തിന് താവളങ്ങൾ വിട്ടുനൽകി ശതകോടികളും ആ പേരിൽ വിമാനങ്ങളടക്കമുള്ള ആയുധങ്ങളും സ്വന്തമാക്കിയ പാകിസ്ഥാന് ഇപ്പോൾ അമേരിക്ക പിൻമാറുന്ന അവസരത്തിൽ താലിബാൻ ശക്തി പ്രാപിച്ചാൽ ഭയക്കാൻ ഏറെയുണ്ട്. അടുത്തിടെ ചൈനീസ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലും അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് പിന്മാറുന്നത് ഒരു വലിയ വിജയമാണെന്ന് താലിബാൻ കരുതും എന്ന ആശങ്കയാണ് പങ്കുവച്ചത്. രാഷ്ട്രീയ ഒത്തുതീർപ്പിലേക്ക് താലിബാൻ നീങ്ങുന്നില്ലെങ്കിൽ സ്ഥിതി ആശങ്കാജനകമാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ഒരു ആഭ്യന്തരയുദ്ധം അഫ്ഗാനിസ്ഥാനിൽ ഉണ്ടായാൽ അത് പാകിസ്ഥാനിലും പ്രത്യാഘാതമുണ്ടാക്കുമെന്ന് ഖാൻ ഭയപ്പെടുന്നു.

താലിബാനും ഐസിസും
അമേരിക്കൻ ആക്രമണത്തിന് മുൻപ് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാനും അൽഖ്വയ്ദയ്ക്കും ആയിരുന്നെങ്കിൽ ഇപ്പോൾ ഐസിസ് സാന്നിദ്ധ്യവും അഫ്ഗാനിസ്ഥാനിലുണ്ട്. ഇന്ത്യയിൽ നിന്നടക്കം ഐസിസിൽ ചേരുന്നതിനായി യുവതിയുവാക്കൾ അഫ്ഗാനിസ്ഥാനിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഐസിസ് ശക്തി ക്ഷയിച്ച അവസ്ഥയിലാണ്.