ന്യൂഡൽഹി: സൈനിക ആസ്ഥാനത്തിന് മുകളിലും നയതന്ത്ര കാര്യാലയത്തിലും അതിർത്തിയിലുമെല്ലാം അജ്ഞാത ഡ്രോണുകളുടെ ശല്യം ഏറിവരുന്ന കാലമാണ്. ശത്രുരാജ്യങ്ങളാണ് ഇതിന് പിന്നിലെന്ന് ഉറപ്പാണെങ്കിലും ഒന്നും പിടിക്കപ്പെട്ടിട്ടില്ല. ഇത്തരം ആക്രമണങ്ങൾ ഏറിവരും എന്ന സൂചനകളെ തുടർന്ന് തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ശത്രുക്കളുടെ ഡ്രോണുകളെ കണ്ടെത്താനും നശിപ്പിക്കാനും സംവിധാനം ഒരുങ്ങുകയാണ്. ഡിആർഡിഒ വികസിപ്പിച്ച ഡ്രോൺ പ്രതിരോധ സാങ്കേതിക സംവിധാനമായ ഡി-4 ഡ്രോൺ സിസ്‌റ്റം തയ്യാറായിക്കഴിഞ്ഞു.
'ജമ്മു കാശ്‌മീരിൽ സംഭവിച്ചതുപോലെയുളള അടുത്തുനിന്നുളള ആക്രമങ്ങളെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ ഡി-4 ഡ്രോൺ സിസ്‌റ്റത്തിന് കഴിയും. നാല് കിലോമീറ്റർ വരെ അകലെ നിന്നുളള ഡ്രോൺ ആക്രമണങ്ങളെ ഇത്തരത്തിൽ തടയുന്നതിന് സാധിക്കും.' ഡിആർഡിഒ ഡയറക്‌ടർ ജനറൽ (ഇസിഎസ്) ഡോ.ജില്ലേലാമുഡി മഞ്ജുള അറിയിച്ചു.
ആക്രമണത്തിന് എത്തുന്ന ഡ്രോണുകളും അവ നിയന്ത്രിക്കുന്നവരുമായുളള ആശയവിനിമയം തകരാറിലാക്കി ഹാർഡ്‌വെയറിനെ തകർക്കുന്ന ഡി-4 ആന്റി ഡ്രോൺ സംവിധാനം കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗ സമയത്തെ സുരക്ഷയ്‌ക്കും റിപബ്ളിക് ദിനത്തിൽ രാജ്‌പഥിലെ പരേഡിലും സുരക്ഷയ്‌ക്കായി ഉപയോഗിച്ചിരുന്നു.
ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സൈന്യവും ഇത്തരം പ്രതിരോധ സംവിധാനങ്ങളെ വികസിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്ന് കരസേനാ മേധാവി ജനറൽ എം.എം നരവനെയും അറിയിച്ചിരുന്നു.