കൊച്ചി : സംസ്ഥാന സർക്കാരുമായി ഒപ്പുച്ച 3500 കോടിയുടെ ധാരണപത്രത്തിൽ നിന്നും പിന്മാറുന്നതായി പ്രമുഖ വ്യവസായ സ്ഥാപനമായ കിറ്റക്സ് അറിയിച്ചതോടെ ഓഫറുകളുമായി നിരവധി സംസ്ഥാനങ്ങൾ. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് തമിഴ്നാട് സർക്കാർ ഔദ്യോഗികമായി കിറ്റെക്സിനെ ക്ഷണിച്ചുവെന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് തമിഴ് വ്യവസായ വകുപ്പിന്റെ ക്ഷണകത്ത് കിറ്റക്സ് എം ഡി സാബു ജേക്കബിന് ലഭിച്ചു. വ്യവസായം തുടങ്ങാൻ നിരവധി ആനുകൂല്യങ്ങൾ തമിഴ്നാട് വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്.
2020ൽ കൊച്ചിയിൽ നടന്ന കേരള ആഗോള നിക്ഷേപക സമ്മേളനമായ അസെൻഡിലാണ് സംസ്ഥാന സർക്കാരുമായി 3500 കോടിയുടെ ധാരണപത്രം കിറ്റക്സ് ഒപ്പുവച്ചത്. ഒരു വർഷത്തിനിപ്പുറം കിറ്റെക്സ് കരാറിൽ നിന്ന് പിന്മാറുകയായിരുന്നു. തന്നെയും കമ്പനിയെയും ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് സാബു കരാറിൽ നിന്നും പിൻമാറുന്നത്.
24 വർഷമായി പ്രവർത്തിക്കുന്ന കിഴക്കമ്പലത്തെ കിറ്റക്സ് ഫാക്ടറിയിൽ ഒരു മാസത്തിനിടെ 11 തവണ സർക്കാർ പരിശോധനകൾ നടത്തിയതാണ് കമ്പനിയെ ചൊടിപ്പിച്ചത്. ഒരോ തവണയും വ്യത്യസ്ത കാരണങ്ങൾ പറഞ്ഞുള്ള പരിശോധനകൾ തലസ്ഥാനത്ത് നിന്നുള്ള പ്രത്യേക നിർദ്ദേശപ്രകാരമാണ് നടന്നിട്ടുള്ളതെന്ന് സാബു ജേക്കബ് ആരോപിക്കുന്നു.