irctc

കൊച്ചി: കൊവിഡ്, ലോക്ക്ഡൗൺ പ്രതിസന്ധിയിൽ നിന്ന് രാജ്യം കരകയറുന്നതിനിടെ, ടൂറിസത്തിന് ഉഷാറേകാനായി പുത്തൻ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി. ഓണക്കാലത്തോട് അനുബന്ധിച്ചുള്ള യാത്രാപ്പാക്കേജുകളാണിവ. ഗോവ, സ്‌റ്റാച്യു ഒഫ് യൂണിറ്റി, ജയ്‌പൂർ, ഡൽഹി, ആഗ്ര, ഹൈദരാബാദ് എന്നിവിടങ്ങൾ സന്ദർശിക്കാവുന്ന ഭാരത് ദർശൻ ടൂറിസ്‌റ്റ് ട്രെയിൻ ആഗസ്‌റ്റ് 15ന് കേരളത്തിൽ നിന്ന് പുറപ്പെട്ട് 26ന് തിരിച്ചെത്തും.

ബുക്ക് ചെയ്യുന്നവർക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ നിന്ന് ട്രെയിനിൽ കയറാം. ടിക്കറ്റ് നിരക്ക് 12,000 രൂപ. തിരുപ്പതി തിരുമല ശ്രീവെങ്കടാചലപതി ക്ഷേത്രം, ശ്രീകാളഹസ്‌തി ക്ഷേത്രം, തിരുച്ചാനൂർ ശ്രീപദ്മാവതി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കാവുന്ന തിരുപ്പതി ബാലാജി ദർശൻ കോച്ച് ടൂർ ആഗസ്‌റ്റ് 27ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് 29ന് മടങ്ങിയെത്തും. നിരക്ക് 6,685 രൂപ മുതൽ. ഏഴ് ദിവസത്തെ ലേ-ലഡാക്ക് (നിരക്ക് 33,490 രൂപ മുതൽ) ആഗസ്‌റ്റ് 31നും ആറുദിവസത്തെ കാശ്‌മീർ (നിരക്ക് 28,505 രൂപ മുതൽ) എന്നീ ആഭ്യന്തര വിമാനയാത്രകൾ സെപ്‌തംബർ ഒന്നിനും എട്ടിനും കൊച്ചിയിൽ നിന്ന് പുറപ്പെടും.

നിരക്കുകൾ ഹോട്ടൽ താമസം, ഭക്ഷണം തുടങ്ങിയവ ഉൾപ്പെടുന്നതാണ്. യാത്രക്കാർക്ക് 10 ലക്ഷം രൂപവരെയുള്ള അപകട ഇൻഷ്വറൻസ് പരിരക്ഷയും സർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് എൽ.ടി.സി സൗകര്യവുമുണ്ട്. വിവരങ്ങൾക്ക് : 8287932095/82/98