fiji-island

മുന്നൂറ്റി ഇരുപത്തിരണ്ട് ദ്വീപുകളടങ്ങുന്ന ദ്വീപസമൂഹമാണ് ഫി‌ജി. ഹൃദ്യമായ ഭൂപ്രകൃതിയും പവിഴപ്പുറ്റുകളും കടലിനോട് ചേർന്ന് കിടക്കുന്ന കായലും കൊണ്ട് ഹൃദയഹാരിയാണ് ഈ ഭൂപ്രദേശം. തൂവെള്ള മണൽത്തിട്ടകൾ, സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കടൽത്തീരങ്ങൾ, പവിഴപ്പുറ്റുകൾ, അതിമനോഹരമായ സൂര്യാസ്തമയ കാഴ്ച, ട്രക്കിംഗ്, ആഢംബര റിസോർട്ടുകൾ എന്നിങ്ങനെ നിരവധി ആകർഷണങ്ങളാണ് ഫിജിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ദക്ഷിണ പസിഫിക്കിന്റെ ഭാഗമായ ഫിജി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നാണ്. വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന അപൂർവ ദ്വീപ് രാജ്യങ്ങളിലൊന്നാണിത്. 322 ദ്വീപുകളിൽ 100 എണ്ണത്തിൽ മാത്രമേ ജനവാസമുള്ളു. പസഫിക് സമുദ്രത്തിൽ പടർന്നു കിടക്കുന്ന ഫിജിയിൽ ആരെയും ആകർഷിക്കുന്ന തരത്തിൽ കടലിന് നടുക്കായി ഉയർന്നിരിക്കുന്ന ഒരു ഫൈസ്റ്റാർ അദ്ഭുതമുണ്ട്.

ക്ലൗഡ് 9 മാമാനൂക്ക

ഫിജിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് കടലിനു നടുക്കുള്ള ഫ്‌ളോട്ടിംഗ് റെസ്റ്ററന്റായ ക്ലൗഡ് 9. ചുറ്റും പവിഴപ്പുറ്റുകൾ, ക്രിസ്റ്റൽപോലുള്ള ജലം, ഈ വിസ്മയ കാഴ്ചകളൊക്കെ അടുത്തറിയാൻ ഈ അത്യപൂർവ ഹോട്ടലിൽ ചെന്നാൽ മതി. ഒരേ സമയം നൂറു പേരെ മാത്രമേ ഈ ഹോട്ടലിൽ ഉൾക്കൊള്ളാൻ കഴിയു. എന്നാൽ,​ സന്ദർശകർക്ക് ആവശ്യമായ അത്യാധുനിക സൗകര്യങ്ങളെല്ലാം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ന്യൂ ഇയർ പോലുള്ള വിശിഷ്ട ദിവസങ്ങളിൽ പ്രശസ്തമായ ഡി.ജെ പാർട്ടികളും ഇവിടെ സംഘടിപ്പിക്കാറുണ്ട്. മാമാനൂക്ക ദ്വീപസമൂഹത്തിലെ റോറോ റീഫിന് മുകളിലാണ് ഈ അത്യാഢംബര റെസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്.

ഫിജി ദ്വീപിന്റെ പടിഞ്ഞാറൻ തീരത്ത് നിന്ന് സ്പീഡ് ബോട്ടിൽ ഏകദേശം 45 മിനിറ്റ് സഞ്ചരിച്ചാൽ ഇവിടെയെത്താം. രണ്ട് നിലകളിലായി സജ്ജീകരിച്ച ഈ ഫ്‌ളോട്ടിംഗ് പ്ലാറ്റ്‌ഫോമിൽ തടികൊണ്ട് നിർമ്മിച്ച റെസ്റ്റിംഗ് ഏരിയ, സറൗണ്ട് സൗണ്ട് സിസ്റ്റം,സൺ ഡെക്കുകൾ, ഡേ ബെഡ്ഡുകൾ,​ ബാറുകൾ എന്നിവയും ഉൾപ്പെടുന്നു. കൂടാതെ സമുദ്രത്തിലെ എല്ലാത്തരം വിനോദ റൈഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്‌കൂബ ഡൈവിംഗ്, സ്‌നോർക്കലിംഗ്, ഫിഷിംഗ്, ബോട്ടിംഗ് തുടങ്ങി എല്ലാ വാട്ടർ ഗെയിമുകളും ഇവിടെയുണ്ട്.

വിവാഹം, കോർപ്പറേറ്റ് കമ്പനികളുടെ ഒത്തുച്ചേരൽ, സ്വകാര്യ പാർട്ടികൾ തുടങ്ങി പിറന്നാൾ ആഘോഷങ്ങൾ വരെ, ഈ ഫ്‌ളോട്ടിംഗ് റെസ്റ്ററന്റിൽ സംഘടിപ്പിക്കാറുണ്ട്. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഈ റെസ്റ്റോറന്റിലെ ഇക്കോഹോം നൂറു ശതമാനവും റീസൈക്കിൾ ചെയ്യാൻ കഴിയുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

ആഢംബരത്തിനും വിനോദത്തിനുമൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകിയാണ് ക്ലൗഡ് 9 മാമാനൂക്ക എന്ന റെസ്റ്ററന്റ് നിർമ്മിച്ചിട്ടുള്ളത്. ഇവിടുത്തെ മാലിന്യങ്ങൾ കടലിനെ ദൂഷ്യമായി ബാധിക്കാതിരിക്കാൻ മികച്ച മാലിന്യ നിർമ്മാർജന നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ട്. സെപ്റ്റിക് മാലിന്യങ്ങൾ ടാങ്കുകളിലേക്ക് മാറ്റുന്ന രണ്ട് പരിസ്ഥിതി സൗഹൃദ ടോയ്ലെറ്റുകളും റെസ്റ്റോറന്റിൽ സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ മാലിന്യം കമ്പനിയുടെ തന്നെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിൽ പുനരുപയോഗത്തിനായി കമ്പോസ്റ്റ് ചെയ്യുന്നുമുണ്ട്.