kk

തൃശൂർ : പൊലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശൂർ മേയർ എം.കെ. വർഗീസിന്റെ പരാതിയിൽ പ്രതികരണവുമായി പൊലീസ് ഓഫീസ് അസോസിയേഷൻ. നഗരപിതാവിന്റെ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയിൽ നിന്നും പൊതു ജനങ്ങളും, ഉദ്യോഗസ്ഥരും ഈ കൊവിഡ് മഹാമാരിയുടെ കാലത്ത് പ്രതീക്ഷിക്കുന്ന / ആഗ്രഹിക്കുന്ന ചില പ്രവർത്തങ്ങൾ ഉണ്ടാകും. എന്നാൽ, കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിലും പൊതു നിരത്തിൽ വെയിലും, മഴയും, പൊടിയുമേറ്റ് ജോലി നിർവഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ നിർബന്ധമായും പ്രോട്ടോകോൾ പ്രകാരമുള്ള ആദരവ് നൽകണമെന്ന് കാട്ടി കത്ത് അയച്ച്‌ ആദരവ് പിടിച്ച് വാങ്ങാൻ ശ്രമിക്കുമ്പോൾ ആദരവ് നഷ്ടപ്പെടുന്നത് പല മഹാരഥന്മാരും അലങ്കരിച്ചിരുന്ന ആ സ്ഥാനത്തിന് തന്നെയാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത് പ്രസ്താവനയിൽ പറഞ്ഞു.

.
ഒരു വ്യക്തിയോടുള്ള / പദവിയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുള്ള ഒരു പ്രവർത്തിയാണ് സല്യൂട്ട്. റോഡിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർ അത് വഴി കടന്ന് പോകുന്ന ഉന്നത സ്ഥാനീയരെ ആദരിക്കാൻ വേണ്ടി ഉപചാരപൂർവ്വം നിർത്തിയിരിക്കുന്നവർ അല്ല, പകരം നിരത്തിലൂടെ പോകുന്ന വാഹനങ്ങളുടെയും, കാൽനടയാത്ര കാരുടെയും സുഗമമായ യാത്രയും, സുരക്ഷയും ഉറപ്പാക്കാൻ നിയോഗിച്ചവർ ആണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ട്രാഫിക് ഡ്യൂട്ടിയിൽ വ്യാപൃതനായിരിക്കുന്ന ഉദ്യോഗസ്ഥർ, അത് വഴി കടന്ന് പോകുന്ന ഉന്നതരെ സല്യൂട് ചെയ്യണമെന്ന് ആരും നിർബന്ധിക്കാത്തതിനു കാരണവും ഇത് തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. .

ഔദ്യോഗിക കാറിൽ പോകുമ്പോൾ പൊലീസ് സല്യൂട്ട് നൽകുന്നില്ലെന്നും സല്യൂട്ട് തരാൻ ഉത്തരവിറക്കണമെന്നും തൃശൂർ മേയർ എം.കെ..വർഗീസ് ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോൾ പ്രകാരം ഗവർണർക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാംസ്ഥാനമാണ് കോർപ്പറേഷൻ മേയർക്കുള്ളതെന്നും സല്യൂട്ട് നൽകാത്ത വിഷയം പലതവണ പറഞ്ഞിട്ടും ൊമുഖം തിരിച്ചെന്നും മേയർ പറഞ്ഞു.

മേയറെ കാണുമ്പോൾ പൊലീസുകാർ തിരിഞ്ഞുനിൽക്കുന്ന സാഹചര്യമാണ്. എം.കെ.വർഗീസിനെ ആരും ബഹുമാനിക്കേണ്ട. എന്നാൽ മേയർ എന്ന സ്ഥാനത്തെ ബഹുമാനിച്ചേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു.