പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് പൊലീസ്
കോട്ടയം: ചന്തക്കടവിലെ ലോഡ്ജിന് പിന്നിലെ വീട്ടിൽക്കയറി യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചത് പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നെന്ന് പൊലീസ്. പൊൻകുന്നം സ്വദേശിനിയായ യുവതി മറ്റൊരു സംഘത്തോടൊപ്പം ചേർന്നതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് വധശ്രമത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻസംഘാംഗമായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹണിട്രാപ്പുമായി അക്രമത്തിനു ബന്ധമുണ്ടെന്ന നിലപാടും പൊലീസ് തള്ളിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെയായിരുന്നു സംഭവം. ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർഖാൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന പൊൻകുന്നം സ്വദേശിനിയായ യുവതിയും, തിരുവനന്തപുരം സ്വദേശി ഷിനുവും അക്രമത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു.
യുവതി അടുത്തകാലം വരെ നഗരത്തിലെ മറ്റൊരു പെൺവാണിഭ സംഘത്തിലെ അംഗമായിരുന്നു. ഈ സംഘത്തിൽ നിന്ന് മാറി തലയോലപ്പറമ്പ് സ്വദേശിയുടെ സംഘത്തിൽ ചേരുകയായിരുന്നു. സംഭവവുമായി തങ്ങൾക്ക് നേരിട്ടു ബന്ധമില്ലെന്നാണ് കസ്റ്റഡിയിൽ എടുത്തവർ പൊലീസിനോട് പറയുന്നത്. ഒരു സുഹൃത്ത് വിളിച്ചിട്ടാണ് ഇവിടെയെത്തിയതെന്നും പറയുന്നു. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ പെൺവാണിഭ കേന്ദ്രം നടത്തുന്നത് തലയോലപ്പറമ്പ് സ്വദേശിയാണെന്ന് മാത്രമാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഇയാളുമായി നേരിട്ട് പരിചയമുള്ള യുവതി അന്വേഷണവുമായി സഹകരിക്കുന്നില്ല. അക്രമം നടക്കുമ്പോൾ താൻ മുറിയ്ക്കുള്ളിൽ കതകടച്ച് ഇരിക്കുകയായിരുന്നെന്നാണ് ഇവർ പറയുന്നത്.
നിർമ്മിക്കുന്നത് ഇരുനില വീട്
പൊൻകുന്നം സ്വദേശിയായ യുവതി മലയാളത്തിലെ രണ്ടു സിനിമകളിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. നിരവധി ജൂനിയർ ആർട്ടിസ്റ്റുകളുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്. ഒരു രാത്രിയ്ക്ക് ആയിരം മുതൽ 2500 രൂപ വരെ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ജൂനിയർ ആർട്ടിസ്റ്റുമാരായ നടിമാരെ സംഘത്തിലേയ്ക്കു ക്ഷണിക്കുന്നത്. ഇവരുടെ മൊബൈൽ ഫോണിൽ ഏതാണ്ട് നൂറിലധികം യുവതികളുടെ ചിത്രങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.