കിരൺ കുമാറിനെതിരെ ഒരു കേസ് കൂടി
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ശാസ്താംകോട്ടയിൽ വിസ്മയയെന്ന മെഡിക്കൽ വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഭർത്താവ് കിരൺകുമാറിനെതിരെ ഒരു കേസ് കൂടി ഉടൻ രജിസ്റ്റർ ചെയ്യും. മാസങ്ങൾക്ക് മുമ്പ് കിരണിന്റെ വീട്ടിൽ നിന്ന് വിസ്മയയുടെ നിലമേലെ വീട്ടിലേക്ക് പോകും വഴി കിരൺ വിസ്മയയെ മർദ്ദിച്ച് റോഡിലിറക്കിവിട്ട സംഭവത്തിലാണ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്യാൻ അന്വേഷണ സംഘം ആലോചിക്കുന്നത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി രാജ് കുമാർ പൊതു സ്ഥലം മാറ്റത്തിന്റെ ഭാഗമായി കൊച്ചിയിലേക്ക് മാറ്റുകയും കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്ത സാഹചര്യത്തിൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥനാകും കേസ് രജിസ്റ്റർ ചെയ്യുക. അതേസമയം. വിസ്മയക്കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ തയ്യാറെടുക്കുന്ന അന്വേഷണ സംഘം കേസിൽ സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി. കൊല്ലത്ത് പ്രമാദമായ പലകേസുകളിലും സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന ഒ.സി. മോഹൻരാജിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് അന്വേഷണ സംഘം ആവശ്യം.
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കിരൺ കുമാറിനെതിരെ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ ശ്രമം. ഗാർഹികപീഡനം, സ്ത്രീധന പീഡനം എന്നിവയ്ക്കെതിരായ വകുപ്പുകൾ ചുമത്തിയ കേസിൽ പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന നിലപാടിലാണ് പൊലീസ്.
കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് കുറ്റപത്രം തയാറാക്കുന്നതിനും വിചാരണയ്ക്കും സ്പെഷൽ പ്രോസിക്യൂട്ടർ വേണമെന്ന് അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ പൊലീസ് നിലപാടെടുത്തിരുന്നു. കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഐ.ജി ഹർഷിത അട്ടല്ലൂരി അന്വേഷണ പുരോഗതി വിലയിരുത്താൻ അടുത്ത ദിവസങ്ങളിൽ ശാസ്താംകോട്ടയിലെത്തും.
കിരൺ വീഡിയോ ഗെയിം ആപ്പുകൾ സ്ഥിരമായി ഉപയോഗിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തിയ സാഹചര്യത്തിൽ മാനസികാരോഗ്യ, സാങ്കേതിക, ശാസ്ത്രീയ വിദഗ്ധരുടെ സഹായവും അന്വേഷണസംഘം തേടുന്നുണ്ട്. കൊവിഡ് ബാധിതനായി നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുന്ന കിരണിനെ നെഗറ്റീവാകുന്ന മുറയ്ക്ക് വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും.വിസ്മയയുടെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുപോകുന്നതുൾപ്പെടെ ചിലനടപടികൾ കൂടി പൂർത്തിയാക്കി കിരണിനെതിരായ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.