xxx

ന്യൂയോർക്ക്: അമേരിക്കയുടെ സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് 2021 ലെ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ച മികച്ച കുടിയേറ്റക്കാർക്കായി ഏർപ്പെടുത്തിയ അവാർഡിന് ഇന്ത്യയിൽ നിന്നുള്ള ഗീത ഗോപിനാഥും കമലേഷ് ലുല്ലയും അർഹരായി. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റായി പ്രവർത്തിച്ചു വരികയാണ് ഗീത ഗോപിനാഥ്. അമേരിക്കയുടെ ബഹിരാകാശ പദ്ധതികളുടെ നെടുംതൂണായ നാസയിലെ ശാസ്ത്രജ്ഞയാണ് കമലേഷ് ലുല്ല. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർനെഗി കോർപ്പറേഷനാണ് 2021 ഗ്രേറ്റ് ഇമിഗ്രന്റ്സ് എന്ന പേരിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തി അമേരിക്കയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ ആദരിക്കാൻ ഈ പുരസ്കാരം നല്കുന്നത്. ആരോഗ്യം ,​ ശാസ്ത്രം ,​ കാലാവസ്ഥാ വ്യതിയാനം,​ രാഷ്ട്രീയം തുടങ്ങിയ വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ചവർക്കാണ് പുരസ്കാരം നല്കുക. 49 കാരിയായ ഗീത ഗോപിനാഥനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരിലൊരാൾ എന്നാണ് അവാർഡ് നിർണയ സമിതി വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വംശജയും മലയാളിയുമായ ഗീത ഗോപിനാഥ് ഇന്ത്യൻ സർക്കാരിന്റെ സാമ്പത്തിക ഉപദേശക സംഘത്തിൽ അംഗമായിരുന്നു. കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ ടി.വി ഗോപിനാഥിന്റെയും വിജയലക്ഷ്‌മിയുടെയും മകളാണ് ഗീത ഗോപിനാഥ്. ദില്ലി സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്‌ത്രത്തില്‍ സ്വര്‍ണമെഡലോടെ ബിരുദവും ദില്ലി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 1990-91 കാലഘട്ടത്തില്‍ നവ ഉദാരവല്‍ക്കരണ നയം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചതിനെക്കുറിച്ച് ഗീത നടത്തിയ പഠനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹാർവഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രഫസറും വകുപ്പുമേധാവിയുമായ പ്രവർത്തിച്ചിട്ടുള്ള ഗീത 2016 ജൂലായിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്.