sabu-m-jacob

തിരുവനന്തപുരം: കിറ്റെക്സ് അപ്പാരൽ പാർക്ക് കേരളത്തിൽ ആരംഭിക്കേണ്ടെന്ന് തീരമാനമെടുത്തു എന്ന വാർത്തകൾക്ക് പിന്നാലെ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ യു.പിയെ എന്തുകൊണ്ട് എടുത്തു പറഞ്ഞു എന്ന് വ്യക്തമാക്കി കിറ്റെക്സ് മാനേജിം​ഗ് ഡയറക്ടർ സാബു എം. ജേക്കബ്. നിക്ഷേപസൗഹൃദ റാങ്കിം​ഗിൽ പിന്നിലായിരുന്ന യു.പി എങ്ങനെ രണ്ടാം സ്ഥാനത്തെത്തി എന്ന് നാം മനസിലാക്കണം. അവിടെ മുഖ്യമന്ത്രി നേരിട്ടാണ് പുതിയ വ്യവസായങ്ങൾക്ക് ക്ലിയറൻസ് നൽകുന്നത് എന്നും അദ്ദേഹം ഒരു മലയാള വാർത്താ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കേരളത്തിലെ ദുരനുഭവത്തിന് പിന്നാലെ തനിക്ക് തമിഴ്നാട്, ​ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് തനിക്ക് ക്ഷണം ലഭിച്ചത്. വ്യവസായികളെ സമീപിക്കുന്ന സമീപനമാണ് ഈ സംസ്ഥാനങ്ങളെല്ലാം കെെക്കൊളളുന്നത്. ഈ സംസ്ഥാനങ്ങളിൽ നിന്നും തന്നെ വിളിച്ചവരിൽ ഉന്നത ഉദ്യോ​ഗസ്ഥർ മുതൽ മന്ത്രിമാർ വരെ ഉൾപ്പെടും. പുതിയ സാഹചര്യത്തിൽ എന്നെ ക്ഷണിച്ച പലരും ചോദിച്ചത് പ്രത്യേകമായി എന്താണ് അനുവദിക്കേണ്ടതെന്നാണ്. ഇവിടെയാവട്ടെ പ്രത്യേകമായി ഒന്നും ലഭിക്കുന്നില്ലെന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു എന്നും അദ്ദേഹം പറയുന്നു.

അതേസമയം, കേരളത്തിൽ തുടർന്നാൽ 80 ശതമാനം സ്വന്തം കഴിവും നഷ്ടപ്പെടുമെന്നും സാബു പ്രതികരിച്ചു. അപ്പാരൽ പാർക്ക് എന്തായാലും കേരളത്തിൽ വേണ്ടെന്നുവച്ചു. പീഡനം മാത്രമായിരുന്നു കഴിഞ്ഞ മാസം. ഒരു മാസമായി ഒരു ജോലിയും തനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഗൾഫിലും മറ്റും പോയി സമ്പാദിക്കുന്ന പണം ഇവിടെ വ്യവസായം തുടങ്ങാൻ ചെലവഴിക്കുന്നവന് നഷ്ടം മാത്രമാണ് കിട്ടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.