gg

വാഷിംഗ്ടൺ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച യു.എസ് പ്രസിഡന്റ് ആരാണ്. ഒട്ടേറെ പേർക്ക് അറിയാൻ താത്പ്പര്യമുള്ള ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഒരു സർവേ നടത്തി. അമേരിക്ക ഭരിച്ച 44 പ്രസിഡന്റുമാരെ മികവിന്റെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തിയുള്ള സര്‍വേ ഫലം സി-സ്പാൻ പുറത്തുവിട്ടു.. 'പ്രസിഡന്‍ഷ്യല്‍ ഹിസ്റ്റോറിയന്‍ സര്‍വേ 2021' എന്ന പേരില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മോശപ്പെട്ട പ്രസിഡന്റ് എന്ന വിശേഷണം നേടിയിരിക്കുന്നത് ജെയിംസ് ബുക്കാനനാണ്. രാജ്യത്തെ 15 ാ മത്തെ പ്രസിഡന്റായിരുന്നു അദ്ദേഹമാണ് ഏറ്റവും അവസാന സ്ഥാനത്ത്. 44 പേരുള്ള പട്ടികയിൽ ട്രംപ് 41 ാം സ്ഥാനത്താണ്. നിലവിലെ പ്രസിഡന്റ് ജോ ബൈഡനെ സർവേയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ജനങ്ങൾക്കിടയിലെ സ്വാധീനം, ഭരണ മികവ്, വിവാദങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ എത്രത്തോളം മികവ് കാട്ടി എന്നതിനെ അടിസ്ഥാനമാക്കി ചരിത്രകാന്മാരുടേയും വിദഗ്ധരുടേയും സഹായത്തോടെയാണ് റാങ്കിംഗ് തയാറാക്കിയത്. 142 പ്രഗത്ഭരാണ് പാനലിൽ ഉണ്ടായിരുന്നത്. രാജ്യത്തെ 16 ാമത്തെ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണാണ് പട്ടികയിൽ ഒന്നാമത്. ജോര്‍ജ് വാഷിംഗ്ടൺ മികച്ച രണ്ടാമത്തെ പ്രസിഡന്റായും ഫ്രാങ്ക്‌ളിന്‍ ഡി. റൂസ്‌വെല്‍റ്റ് മൂന്നാമതുമുണ്ട്. മികവിന്റെ കാര്യത്തില്‍ ജോണ്‍ എഫ്. കെന്നഡി എട്ടും, റൊണാള്‍ഡ് റീഗന്‍ ഒമ്പതും, ബാരക് ഒബാമ പത്തും സ്ഥാനത്തെത്തി. രാജ്യത്തെ 17ാം പ്രസിഡന്റായിരുന്ന ആന്‍ഡ്രൂ ജോണ്‍സണാണ് രണ്ടാമത്തെ ഏറ്റവും മോശം പ്രസിഡന്റ്.