v-t-balram

തിരുവനന്തപുരം: കൊവിഡ് കാലത്തും കോഴിക്കോട് സാമൂതിരി രാജകുടുംബാം​ഗങ്ങൾക്ക് സ്പെഷ്യൽ അലവൻസായി രണ്ടരക്കോടി രൂപ അനുവദിച്ചത് വിവാദമായ പശ്ചാത്തലത്തിൽ കോൺ​ഗ്രസ് നേതാവ് വി.ടി. ബൽറാമിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയാവുന്നു. രാജകുടുംബത്തിന് സർക്കാരിൽ നിന്നും പെൻഷൻ അനുവദിക്കാൻ തീരുമാനിച്ചതിനെതിരെ പ്രതികരിച്ച് കൊണ്ട് 2013 ൽ എഴുതിയ കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. എന്തുകൊണ്ട് പെൻഷൻ അനുവദിക്കാൻ പാടില്ല എന്നതിന് തന്റെ വാദങ്ങൾ നിരത്തിയിരിക്കുന്ന പോസ്റ്റിൽ, സാമൂതിരി കുടുംബത്തിലെയോ അറക്കൽ കുടുംബത്തിലേയോ ഏതെങ്കിലും അംഗത്തിനു നിലവിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകളുണ്ടെങ്കിൽ സമൂഹത്തിലെ ഇതര ജനവിഭാഗങ്ങൾക്ക്‌ അർഹതപ്പെട്ട ക്ഷേമപെൻഷനുകൾ അവർക്കും നൽകണമെന്ന് ബൽറാം പറയുന്നു. ഒരു പ്രത്യേക കുടുംബത്തിൽ ജനിച്ചുവെന്ന ഒറ്റക്കാരണം കൊണ്ട്‌ മാത്രം, മറ്റ്‌ പിന്നാക്കാവസ്ഥകളൊന്നും പരിഗണിക്കാതെ, ചിലർക്ക്‌ ഗണ്യമായ ഒരു തുക ഖജനാവിൽനിന്ന് മാസം തോറും ലഭിക്കാനർഹതയുണ്ടെന്ന് വരുന്നത്‌ യഥാർത്ഥ ഭരണഘടനാ മൂല്യങ്ങൾക്ക്‌ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വി.ടി. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സാമൂതിരി പെൻഷനും അറക്കൽ മാലിഖാനയും തുല്ല്യനീതിയും

കോഴിക്കോട്ടെ സാമൂതിരി കുടുംബാംഗങ്ങൾക്ക്‌ സർക്കാരിൽ നിന്ന് പെൻഷൻ അനുവദിക്കാൻ തീരുമാനിച്ചതിനെതിരെ ഞാൻ പ്രതികരിച്ചിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ ഫേസ്ബുക്കിലും മറ്റും പലരും അതിനെ അതിന്റെ സാമൂഹിക വശത്തെ മറച്ചുവെച്ച് വർഗ്ഗീയമായാണ് ചിത്രീകരിക്കാൻ ശ്രമിച്ചത്. അങ്ങനെയൊരു പെൻഷൻ തങ്ങൾക്ക്‌ അർഹതപ്പെട്ടതുതന്നെയാണെന്ന് അവകാശപ്പെട്ട്‌ പ്രസ്തുത കുടുംബാംഗങ്ങൾ നടത്തിയ പത്രസമ്മേളനത്തിന്റെ വാർത്തയും അടുത്തദിവസം കാണാനിടയായി. അതിനുശേഷം സമാനമായ ആവശ്യങ്ങളുന്നയിച്ച് അറക്കൽ രാജകുടുംബത്തിലെ ആളുകളും രംഗത്തുവരുന്നതായി കാണാൻ കഴിഞ്ഞു. യഥാർത്ഥത്തിൽ ഞാനുയർത്താൻ ശ്രമിച്ച വിഷയം കൂടുതൽ പ്രസക്തമാവുന്നു എന്നാണത് തെളിയിക്കുന്നത്. തെറ്റായ ന്യായവാദങ്ങൾ ഒരിക്കൽ അംഗീകരിക്കപ്പെട്ടുകഴിഞ്ഞാൽ പിന്നെയത് എല്ലാവരും ദുരുപയോഗപ്പെടുത്താൻ കടന്നുവരുമെന്നതിന് ഇതിൽ‌പ്പരം നല്ല ഉദാഹരണം സമീപകാലത്ത് ചൂണ്ടിക്കാണിക്കാനില്ല. സാമൂതിരി കുടുംബാംഗങ്ങൾക്ക് പെൻഷൻ കൊടുക്കാൻ തീരുമാനിച്ചതിനെതിരെ ഉയർത്തിയ അതേ കാരണങ്ങൾ വെച്ചുതന്നെ അറക്കലുകാരുടേയും വാദങ്ങൾ തള്ളിക്കളയണമെന്നാണ് ഇക്കാര്യത്തിൽ എന്റെ സുവ്യക്തമായ അഭിപ്രായം. എന്നാൽ വർഗ്ഗീയത ഒരു വ്യവസായം പോലെ വളർത്താൻ ശ്രമിക്കുന്നവർ വീണ്ടും അതിന്റെ പേരിൽ വിഷലിപ്ത പ്രചരണങ്ങളുമായി ഫേസ്ബുക്കിൽ നിറയുന്നതുകൊണ്ട് ഞാൻ നേരത്തെ ഇക്കാര്യത്തിൽ നടത്തിയ പ്രതികരണം ആവശ്യമായ ചെറിയ ഭേദഗതികളോടെ ആവർത്തിക്കുന്നു:

സർക്കാരിൽ നിന്ന് പെൻഷനു അർഹതയുണ്ടെന്ന സാമൂതിരി കുടുംബാംഗങ്ങളുടേയും മാലിഖാന വർദ്ധിപ്പിക്കണമെന്ന അറക്കൽ കുടുംബാംഗങ്ങളുടേയും ആവശ്യം കേരളം നേടിയ ജനാധിപത്യമൂല്യങ്ങളുടെ നേർക്കുള്ള തുറന്ന വെല്ലുവിളിയാണതെന്ന കാര്യത്തിൽ സംശയമില്ല. തങ്ങളുടെ കുടുംബത്തിന്റെ ഏതാണ്ട്‌ 350 കോടി രൂപ വിലമതിക്കുന്ന ഭൂമി സർക്കാരിന്റേയും കോർപ്പറേഷന്റേയും കൈവശമുണ്ടെന്നാണ് സാമൂതിരിക്കാരുടെ പ്രധാന വാദം. കോടിക്കണക്കിനു രൂപ വരുമാനം ലഭിക്കുന്ന വനഭൂമികളും തങ്ങളുടേതായി സർക്കാരിന്റെ കൈവശമുണ്ടെന്നും അവർ അവകാശപ്പെടുന്നു. അറക്കലുകാരാകട്ടെ ലക്ഷദ്വീപ് അടക്കമുള്ള ദ്വീപസമൂഹങ്ങളുടെ മേൽ തങ്ങൾക്കൊരുകാലത്തുണ്ടായിരുന്ന അവകാശത്തിന്റെ പേരിലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നൽകി വന്നിരുന്ന മാലിഖാന ഗണ്യമായി വർദ്ധിപ്പിച്ച് ജനാധിപത്യസർക്കാർ തുടർന്നും നൽകണമെന്ന് ആവശ്യപ്പെടുന്നത്.

എന്നാൽ ഇങ്ങനെ കണക്കില്ലാത്തത്രയും ഭൂമി അവരുടെയൊക്കെ പൂർവ്വികർ കൈവശപ്പെടുത്തിയത്‌ എങ്ങനെയാണെന്നതിനു ചരിത്രം ഉത്തരം നൽകുന്നുണ്ട്. ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റേയും നവോത്ഥാനപ്രസ്ഥാനങ്ങളുടേയും പ്രവർത്തനഫലമായി രാജത്ത്വമടക്കമുള്ള ഫ്യൂഡൽ സാമൂഹ്യ, രാഷ്ട്രീയ വ്യവസ്ഥിതികൾക്കെതിരെ കേരളത്തിൽ ഉയർന്നുവന്ന ബഹുജനമുന്നേറ്റങ്ങളും അത്‌ കേരളീയസമൂഹത്തിന്റെ ആധുനീകരണത്തിലും ജനാധിപത്യവൽക്കരണത്തിലും വഹിച്ച സൃഷ്ടിപരമായ പങ്കും ഈ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. അതിനെയൊക്കെ ഉൾക്കൊള്ളാനുള്ള മിനിമം ചരിത്രബോധത്തിന്റെ അഭാവമാണ് പേരിനൊപ്പം ഇപ്പോഴും "രാജ"നാമം ചേർത്തുനടക്കുന്നവരുടെയും മറ്റും വാക്കുകളിൽ നിഴലിക്കുന്നത്‌.

എല്ലാവർക്കും തുല്ല്യത എന്നത്‌ ഇന്ന് വെറുമൊരു സങ്കൽപ്പം മാത്രമല്ല, ഈ നാടിന്റെ മഹത്തായ ഭരണഘടനയുടെ അലംഘനീയമായ അടിസ്ഥാന തത്ത്വം കൂടിയാണ്. ചരിത്രപരമായ കാരണങ്ങളാൽ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക്‌ അവരുടെ പിന്നാക്കാവസ്ഥ പരിഹരിച്ച്‌ ഒരു "ലെവൽ പ്ലേയിംഗ്‌ ഫീൽഡ്‌" ഉറപ്പുവരുത്തുന്നതിനായി അതേ ഭരണഘടനതന്നെ ചില പ്രത്യേക പരിഗണകൾ നൽകുന്നുണ്ട്‌. പട്ടികവിഭാഗങ്ങൾക്കും പിന്നാക്കക്കാർക്കുമൊക്കെയുള്ള സംവരണവും മതം, ഭാഷ, വംശീയത എന്നിവയുടെ അടിസ്ഥാനത്തിലുള്ള ന്യൂനപക്ഷങ്ങൾക്ക്‌ ഭരണഘടന നിർദ്ദേശിക്കുന്ന ചില സംരക്ഷണങ്ങൾക്കുമപ്പുറം ആനപ്പുറത്തിരുന്ന പഴയ തഴമ്പിന്റെ പേരിൽ ആരെങ്കിലും വിശേഷപരിഗണനകൾ ആവശ്യപ്പെട്ടാൽ അതംഗീകരിച്ചുകൊടുക്കാനുള്ള ബാധ്യത പൊതുസമൂഹത്തിനും ഭരണകൂടത്തിനുമില്ല.

അതുകൊണ്ടാണു ഒരു പ്രത്യേക കുടുംബത്തിൽ ജനിച്ചുവെന്ന ഒറ്റക്കാരണം കൊണ്ട്‌ മാത്രം, മറ്റ്‌ പിന്നാക്കാവസ്ഥകളൊന്നും പരിഗണിക്കാതെ, ചിലർക്ക്‌ ഗണ്യമായ ഒരു തുക ഖജനാവിൽനിന്ന് മാസം തോറും ലഭിക്കാനർഹതയുണ്ടെന്ന് വരുന്നത്‌ യഥാർത്ഥ ഭരണഘടനാ മൂല്യങ്ങൾക്ക്‌ വിരുദ്ധമാകുന്നത്. ഇതേ കാഴ്ച്ചപ്പാട്‌ ഉയർത്തിപ്പിടിച്ചുകൊണ്ടാണു ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ അതുവരെ പഴയ നാട്ടുരാജ്യങ്ങളിലെ രാജകുടുംബാംഗങ്ങൾക്ക്‌ സർക്കാർ ഖജനാവിൽ നിന്ന് നൽകിവന്നിരുന്ന പ്രിവി പേഴ്സ്‌ നിർത്തലാക്കാനുള്ള നിയമനിർമ്മാണം നടത്തിയത്. ഇന്ദിരാഗാന്ധിയുടെ സോഷ്യലിസ്റ്റ്‌ നടപടികളിൽ ബാങ്ക്‌ ദേശസാൽക്കരണത്തോടൊപ്പം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ഇതും. ഇക്കാര്യത്തിനായി ഭരണഘടന ഭേദഗതി ചെയ്യാൻ വരെ അവർക്ക്‌ മടിയുണ്ടായിരുന്നില്ല. കാരണം നിയമങ്ങളിലെ നൂലാമാലകൾ വ്യാഖ്യാനിക്കപ്പെടേണ്ടത്‌ സാമൂഹികമാറ്റങ്ങളെ ശരിയായ ദിശയിൽ മുന്നോട്ടുനയിക്കുക എന്ന ലക്ഷ്യത്തോട്‌ ചേർന്നുനിൽക്കുന്ന തരത്തിലായിരിക്കണമെന്നാണു അവർ ആഗ്രഹിച്ചത്‌. കോൺഗ്രസ്സിനകത്തെ യുവതലമുറയുടെ ശക്തമായ പിന്തുണയും ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്കുണ്ടായിരുന്നു. ആ പ്രിവി പേഴ്സ്‌ മറ്റൊരു രീതിയിൽ തിരിച്ചുവരുന്നതിനെതിരെ സമാനമായ എതിർപ്പുയരുന്നത്‌ സ്വാഭാവികം മാത്രം.

എന്നാൽ ഇതിനെതിരെ പ്രതിഷേധിക്കുന്നവരോട്‌ ചിലർ ചോദിക്കുന്നത് എം.എൽ.എ.മാർക്കും എം.പി.മാർക്കുമൊക്കെ ഖജനാവിൽ നിന്ന് പെൻഷൻ ലഭിക്കുന്നുണ്ടല്ലോ എന്നതാണ്. സർക്കാരിന്റെ മൂന്ന് പ്രധാന തൂണുകളിലൊന്നായ ലെജിസ്ലേച്ചറിലെ അംഗങ്ങൾക്ക്‌ മറ്റ്‌ രണ്ട്‌ തൂണുകളായ എക്സിക്യൂട്ടീവിലേയും ജുഡീഷ്യറിയിലേയും അംഗങ്ങളെപ്പോലെത്തന്നെ മാന്യമായ സേവന വേതന വ്യവസ്ഥകൾക്ക്‌ അർഹതയുണ്ട്‌. അതിനെതിരെയുള്ള വിമർശ്ശനങ്ങളുടെ ഉദ്ദേശ്യം പൊതുവിൽ മധ്യവർഗ്ഗത്തിനിടയിലുള്ള അരാഷ്ട്രീയമനസ്സിനെ തൃപ്തിപ്പെടുത്തുക എന്നത്‌ മാത്രമാണെന്ന് എളുപ്പത്തിൽ തിരിച്ചറിയാം. ഒരു വ്യക്തി സമൂഹത്തിനു ചെയ്യുന്ന സേവനത്തിനു ആ വ്യക്തിക്കോ മരണശേഷം ജീവിതപങ്കാളിക്കോ മാത്രമാണ് സാധാരണഗതിയിൽ പെൻഷൻ നൽകാറുള്ളത്‌. ചെയ്യുന്ന (അഥവാ ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന) സേവനത്തിന്റെ സ്വഭാവവും അതിന്റെ കാലയളവുമൊക്കെ പരിഗണിച്ച്‌, ശേഷിച്ച കാലം ആ വ്യക്തിയുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വേണ്ടിയുള്ള സാമൂഹിക സുരക്ഷാ നടപടിയാണു പെൻഷൻ. പിന്നാക്കാവസ്ഥയും സമ്പാദനശേഷിക്കുറവും പരിഗണിച്ച്‌ വികലാംഗർ, പ്രായമായവർ, വിധവകൾ, കർഷകത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങൾക്ക്‌ ഒരു ചെറിയ തുക ക്ഷേമ പെൻഷനായും നൽകുന്നുണ്ട്‌. എന്നാൽ അത്തരത്തിലുള്ള എല്ലാ പെൻഷനുകളും നൽകുന്നത്‌ അർഹതപ്പെട്ട വ്യക്തികൾക്ക്‌ മാത്രമാണ്, അല്ലാതെ അവരുടെയൊക്കെ മക്കൾക്കും കൊച്ചുമക്കൾക്കും ഇനി ജനിക്കാനിരിക്കുന്ന വരും തലമുറകൾക്കുമൊക്കെയുമല്ല. ഇവിടെയാണ് സാമൂതിരി പെൻഷൻ നമ്മുടെ പൊതുരീതികൾക്ക്‌ വിരുദ്ധമാവുന്നത്. അറക്കൽ കുടുംബത്തിന്റെ അവകാശവാദങ്ങൾ അപഹാസ്യമാകുന്നതും.

സാമൂതിരി കുടുംബത്തിലെയോ അറക്കൽ കുടുംബത്തിലേയോ ഏതെങ്കിലും അംഗത്തിനു നിലവിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകളുണ്ടെങ്കിൽ സമൂഹത്തിലെ ഇതര ജനവിഭാഗങ്ങൾക്ക്‌ അർഹതപ്പെട്ട ക്ഷേമപെൻഷനുകൾ അവർക്കും നൽകേണ്ടതാണ്. എന്നാൽ അത്തരം പെൻഷനുകൾ അവർക്കുമാത്രമായി നിഷേധിക്കപ്പെടുന്ന ഒരു സാഹചര്യവും ഇപ്പോൾ നിലവിലില്ല എന്നത്‌ കാണാതിരിക്കരുത്‌. അതിനുപകരം ചരിത്രപരമായി നീതീകരിക്കപ്പെടാത്ത കാരണങ്ങളുടെ പേരിൽ അവർക്ക്‌ വിശേഷ ആനുകൂല്ല്യങ്ങൾ വാരിച്ചൊരിയുന്നതിനെതിരെ മാത്രമാണ് എതിർപ്പുയരുന്നത്‌.

ഏറ്റവും പ്രധാനപ്പെട്ട ഒരു ഉൽപ്പാദന ഉപാധി എന്ന നിലയിൽ ഭൂമിക്ക്‌ സാമൂഹിക, രാഷ്ട്രീയ പരിണാമചരിത്രത്തിൽ സവിശേഷസ്ഥാനമുണ്ട്‌. യുദ്ധങ്ങളുണ്ടായതും അതിന്റെ ഫലമായി സാമ്രാജ്യങ്ങൾ സൃഷ്ടിക്കപ്പെട്ടതും തകർന്നതുമൊക്കെ ഭൂമിയുടെമേലുള്ള കൈകാര്യകർത്തൃത്ത്വവുമായി ബന്ധപ്പെട്ടാണ്. നമ്മുടെ നാട്ടിലും വ്യത്യസ്ത സമുദായങ്ങളുടെ മുന്നാക്ക, പിന്നാക്കാവസ്ഥകൾ നിർണ്ണയിക്കുന്ന കാര്യത്തിലും ഭൂമിയുടെ മേലുള്ള അവകാശം തന്നെയാണ് പ്രധാനമായിരുന്നത്‌. ചരിത്രത്തിലൂടെ പുറകോട്ടുപോകുമ്പോൾ ഇന്ന് പലരുടേയും കൈകളിലിരിക്കുന്ന ഭൂമി ഒരുകാലത്ത്‌ രാജാക്കന്മാരുടെ മാത്രമല്ല, ബ്രിട്ടീഷുകാരുടെയോ ഫ്രഞ്ചുകാരുടേയോ ഡച്ചുകാരുടേയോ പോർട്ടുഗീസുകാരുടെയോ ടിപ്പു സുൽത്താന്റേയോ ഒക്കെ അധീനതയിലിരുന്നതാണെന്ന് കാണാൻ കഴിയും. എന്നാൽ പിന്നേയും പുറകോട്ടുപോയാൽ മാത്രമേ ഇവിടത്തെ എല്ലാ ഭൂമിയും ഒരുകാലത്ത്‌ തദ്ദേശീയരായ ആദിവാസികളുടേതായിരുന്നെന്ന യാഥാർത്ഥ്യത്തിലേക്ക്‌ നാമെത്തിച്ചേരുകയുള്ളൂ. അങ്ങനെയുള്ള ഭൂമിയുടെ യഥാർത്ഥ അവകാശികളുടെ പിന്മുറക്കാർ പട്ടിണിമരണങ്ങളെ നേരിടുമ്പോഴാണ് അധികാരവും ജാതിമേൽക്കോയ്മയും ഉപയോഗിച്ച്‌ അത്‌ കൈക്കലാക്കിയവരുടെ പിന്മുറക്കാർ സവിശേഷ പരിഗണനക്കായി മുറവിളി കൂട്ടുന്നത്‌.

കേരള സംസ്ഥാന രൂപീകരണകാലത്തുതന്നെ തുടക്കം കുറിച്ച ഭൂപരിഷ്ക്കരണം വിവിധ സർക്കാറുകളുടെ കാലത്ത്‌ മുന്നോട്ടുപോയി എഴുപതുകളോടെ നടപ്പിൽ വന്നതോടുകൂടി ജന്മിത്തം അവസാനിച്ചുവെന്ന് നാം അഭിമാനിക്കുന്നുണ്ടെങ്കിലും അത്‌ എല്ലാവരുടെയിടയിലും സാമൂഹിക സാമ്പത്തിക തുല്ല്യത ഉറപ്പുവരുത്തുന്ന കാര്യത്തിൽ പൂർണവിജയം കൈവരിച്ചുവെന്ന് പറയാൻ കഴിയില്ല. ഭൂപരിഷ്ക്കരണത്തിനുശേഷം പഴയ ജന്മിമാരുടെ കാര്യമൊക്കെ വലിയ കഷ്ടമാണെന്ന് ചില ഒറ്റപ്പെട്ട ഉദാഹരണങ്ങളെടുത്ത്‌ ചൂണ്ടിക്കാണിക്കുന്ന ഒരു ആസൂത്രിത പ്രചാരവേല സമീപകാലത്ത്‌ ഊർജ്ജിതമായി നടക്കുന്നുണ്ട്‌. സാമൂതിരിമാരടക്കമുള്ള പഴയ രാജകുടുംബങ്ങളുടെ കാര്യത്തിലും ചിലരുയർത്തുന്ന വാദഗതികൾ സമാനമാണ്. എന്നാൽ വസ്തുതാപരമായി അതെല്ലാം എത്രത്തോളം ശരിയാണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്‌. ഭൂപരിഷ്ക്കരണത്തിനു മുൻപ്‌ ജന്മിമാർക്കുണ്ടായിരുന്ന കണക്കില്ലാത്ത ഭൂസമ്പത്ത്‌ 12 സ്റ്റാൻഡഡ്‌ ഏക്കറായി പരിമിതപ്പെട്ടുവെങ്കിലും മറ്റുള്ളവരെ വെച്ചുനോക്കുമ്പോൾ അതത്ര മോശം അവസ്ഥയൊന്നുമായിരുന്നില്ല. ഭൂമി കിട്ടിയവരിൽ ഭൂരിപക്ഷത്തിനും കിട്ടിയത്‌ വെറും 10 സെന്റും അതിൽത്താഴെയുമായിരുന്നു എന്നോർക്കണം. അതായത്‌ ഭൂപരിഷ്ക്കരണം നടന്നതിനുശേഷവും ഏതാണ്ട്‌ 120 ഇരട്ടി അസമത്വം ഭൂമിയുടെ കാര്യത്തിൽ മാത്രം നിലനിൽക്കുന്നുണ്ട്‌. മറിച്ചുള്ള ഒറ്റപ്പെട്ട ഉദാഹരണങ്ങളുണ്ടെങ്കിൽത്തന്നെ അതിനുള്ള കാരണം ഒരിക്കലും സാമൂഹികമല്ല, അവരവരുടെ വ്യക്തിപരമായതോ കുടുംബപരമായതോ ആവാനാണു സാധ്യത. അവയുടെ പരിഹാരങ്ങളും ആ തലത്തിൽത്തന്നെയാണു കണ്ടെത്തേണ്ടത്‌. ഫ്യൂഡൽ മനോഭാവങ്ങളെ ഗൃഹാതുരതയോടെ താലോലിക്കുന്നതിനു പകരം അധ്വാനത്തോടുള്ള വിമുഖത മാറ്റിവെച്ച്‌ ഏത്‌ തൊഴിലിലും അഭിമാനത്തോടെ ഏർപ്പെടാനുള്ള ജനാധിപത്യമനോഭാവങ്ങൾ കൈവരിച്ച്‌ ലഭ്യമായ അവസരങ്ങളെ ബുദ്ധിപൂർവ്വം വിനിയോഗിക്കാൻ തയ്യാറായാൽ മാത്രമേ ഏതൊരു സമൂഹത്തിനും ഇനിയുള്ളകാലത്ത്‌ മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ. അത്തരമൊരു മനോഭാവമാറ്റത്തിനു അവരെയെല്ലാം പ്രേരിപ്പിക്കുക എന്നതാണ് സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിനായി ശ്രമിക്കേണ്ട രാഷ്ട്രീയ സമൂഹത്തിന്റേയും ഭരണകൂടങ്ങളുടേയും യഥാർത്ഥ ദൗത്യം.

ഇത്തരം കാര്യങ്ങൾ പറയുന്നത് കയ്യടി കിട്ടാനാണെന്നാണ് ചിലരുടെ ആക്ഷേപം. ശരിയായ ആശയങ്ങൾ ഉയർത്തുമ്പോൾ അതിനു ജനങ്ങളുടെ കയ്യടി കിട്ടുക എന്നത്‌ സ്വാഭാവികമാണ്. അത്‌ ജനാഭിലാഷത്തിന്റെ പ്രതിഫലനം കൂടിയാണ്. അത്തരം കൂട്ടായ ജനാഭിലാഷപ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു സമൂഹമെന്ന നിലയിൽ നാം മുന്നോട്ടുപോകേണ്ടത്‌. മഹാത്മാഗാന്ധിയുടെ നിർദ്ദേശാനുസരണം കേളപ്പജിയുടെ നേതൃത്ത്വത്തിൽ നടത്തിയ ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ച്‌ അവർണ്ണരുടെ ക്ഷേത്രപ്രവേശനത്തിനനുകൂലമായി സവർണ്ണസമുദായങ്ങൾക്കിടയിൽപ്പോലും ഉയർന്നുവന്ന ജനാഭിലാഷത്തോട്‌ പുറംതിരിഞ്ഞുനിന്ന രാജഭരണത്തിന്റെ പിന്മുറക്കാർക്ക്‌ സാധാരണക്കാരുടെ കയ്യടികൾ അസഹിഷ്ണുതയുണ്ടാക്കുന്നതിൽ അത്ഭുതമില്ല. എന്നാൽ ലോകവും കാലവും മാറുന്നത്‌ കാണാതിരിക്കാൻ കണ്ണടച്ചിരുട്ടാക്കുന്നവരുടെ സ്വയംകൃതാന്ധതയല്ല, തുല്ല്യനീതിയിലധിഷ്ഠിതമായ പുരോഗമനമൂല്യങ്ങളുടെ നേർവെളിച്ചമാണ് കേരളത്തെ ഭാവിയിലേക്ക്‌ വഴിനടത്തേണ്ടത്.