kk

തിരുവനന്തപുരം: രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച മൃഗപരിപാലകൻ എ. ഹർഷാദിന് തലസ്ഥാനം കണ്ണിരോടെ യാത്രാമൊഴി നൽകി. ഹർഷാദിന്റെ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചപ്പോൾ അനിമൽ കീപ്പർമാരിൽ പലരും ചേതനയറ്റ മൃതദേഹം കാണാൻ കഴിയാതെ ദുഃഖമടക്കി നിൽക്കുകയായിരുന്നു. മൃഗശാലയിലെ സഹപ്രവർത്തകർ നിറകണ്ണുകളോടെയാണ് തങ്ങളുടെ പ്രിയ സഹപ്രവർത്തകന് അന്ത്യാഞ്ജലി അർപ്പിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം കുമാരപുരം മുസ്ലിം ജമാഅത്തിൽ എത്തിച്ച് മതാചാരപരമായ ചടങ്ങുകൾ നടത്തി. തുടർന്ന് രണ്ടരയോടെ മ്യൂസിയത്തിലെ ബാൻഡ് സ്റ്റാൻഡിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു.

മന്ത്രി ജി.ആർ. അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, രമേശ് ചെന്നിത്തല, വി.കെ. പ്രശാന്ത് എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, മുൻ മന്ത്രി വി.എസ്. ശിവകുമാർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. വാവ സുരേഷ്,​ സ്നേക്ക് മാസ്റ്റർ ടീമിനുവേണ്ടി കൗമുദി ടി.വി ചീഫ് പ്രൊഡ്യൂസർ കിഷോർ കരമന എന്നിവർ റീത്ത് സമർപ്പിച്ചു. മൂന്നു മണിയോടെ ആംബുലൻസിൽ കയറ്റിയ മൃതദേഹം ഹർഷാദ് അടക്കമുള്ള മൃഗപരിപാലകരുടെ റെസ്റ്റ് റൂമിന് മുൻപിൽ വരെ എത്തിച്ചശേഷമാണ് തിരികെ വീട്ടിലേക്ക് കൊണ്ടുപോയത്.