harshad

തിരുവനന്തപുരം :മൃഗശാലയിൽ പാമ്പുകടിയേറ്റ് മരിച്ച അനിമൽ കീപ്പർ കാട്ടാക്കട സ്വദേശി ഹർഷാദിന് നാടിന്റെ അന്ത്യാഞ്ജലി. പോസ്റ്റുമോർട്ടത്തിന് ശേഷം കാട്ടാക്കടയിലെ വാടക വീട്ടിൽ മൃതദേഹം വിലാപയാത്രയായി എത്തിച്ചു. കാട്ടാക്കടയിലെ പൊതുദർശനത്തിന് ശേഷം സ്വദേശമായ കൂട്ടപ്പൂ ജുമാമസ്ജിദിൽ ഖബറടക്കി. നിരവധി പേർ ഹർഷാദിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ഹർഷാദിന്റ സുഹൃത്തും സ്നേക്ക് മാസ്റ്ററിന്റെ അവതാരകനുമായ വാവ സുരേഷും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. പ്രിയപ്പെട്ട സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് വാവ സുരേഷ് അനുസ്മരിച്ചു.വർഷങ്ങളുടെ പരിചയമുണ്ടായിരുന്നിട്ടും തന്റെ ദു‌ഖങ്ങളും സങ്കടങ്ങളും ഹർഷാദ് ആരെയും അറിയിച്ചിട്ടില്ലെന്ന് വാവ സുരേഷ് പറഞ്ഞു. എപ്പോഴും ചിരിക്കുന്ന മുഖത്ത് അദ്ദേഹം തന്റെ ദുഃഖങ്ങളെ മറച്ചുവച്ചു. പാമ്പുകളെ മാത്രമല്ല ചീങ്കണികൾ ഉൾപ്പെടെയുള്ളവയെ പരിപാലിക്കുന്നതിലും ഹർഷാദിന് പ്രത്യേക മികവുണ്ടായിരുന്നു. ഹർഷാദിന്റെ മരണത്തോടെ പ്രായമായ മാതാപിതാക്കളും ഭാര്യയും മകനും ഉൾപ്പെടെയുള്ള ഒരു കുടുംബത്തിന്റെ അത്താണിയാണ് നഷ്ടമായത്. അവരെ സഹായിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും വാവ സുരേഷ് അഭ്യർത്ഥിച്ചു. ഇനി ആർക്കും ഇങ്ങനെ സംഭവിക്കരുതേ എന്നും ഹർഷാദിന്റെ ഭാര്യയുടെ വാക്കുകൾ ;ചൂണ്ടിക്കാട്ടി വാവ സുരേഷ് പറഞ്ഞു.