തഖാർ: അഫ്ഗാൻ തഖാർ പ്രവിശ്യയിലെ അടുത്തിടെ പിടിച്ചെടുത്ത ജില്ലകളിൽ താലിബാൻ പുതിയ നിയമങ്ങളും ശാസനകളും പുറപ്പെടുവിച്ചതായി റിപ്പോർട്ട്. പുരുഷ ബന്ധുക്കളില്ലാതെ സ്ത്രീകൾ വീട്ടിൽ നിന്നും പുറത്ത് പോകുന്നത് വിലക്കിയതായും താടിവളർത്താൻ പുരുഷൻമാരെ നിർബന്ധിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി പ്രവിശ്യകളിൽ ജില്ലാ കേന്ദ്രങ്ങൾക്ക് നേരെ തീവ്രവാദ ഗ്രൂപ്പുകൾ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. കപിസ പ്രവിശ്യയിലെ ടാഗാബ് ജില്ല വ്യാഴാഴ്ച തീവ്രവാദ സംഘം പിടിച്ചെടുത്തതായി ദി ന്യൂസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.
താടി വളർത്താൻ പുരുഷന്മാരോട് താലിബാൻ ഉത്തരവിട്ടിട്ടുണ്ടെന്നും പെൺകുട്ടികൾക്ക് സ്ത്രീധന ചട്ടം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അഫ്ഗാനിസ്ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ തഖാറിലെ സിവിൽ സൊസൈറ്റി പ്രവർത്തകർ പറഞ്ഞു. പുരുഷ ബന്ധുവില്ലാതെ സ്ത്രീകൾ വീടിന് പുറത്തേക്ക് പോകരുതെന്ന് ആവശ്യപ്പെടുന്നു. തെളിവുകളില്ലാതെ വിചാരണ നടത്താൻ താലിബാൻ നിർബന്ധിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. താലിബാൻ പിടിച്ചെടുത്ത പ്രദേശങ്ങളിൽ ക്ലിനിക്കുകളും സ്കൂളുകളും അടച്ചതായും ഭക്ഷ്യവസ്തുക്കളുടെ വില ഗണ്യമായി വർദ്ധിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
അമേരിക്കൻ ആക്രമണത്തിൽ മുച്ചൂടും തകർന്ന താലിബാൻ ഭീകരർ ഇപ്പോൾ തിരിച്ചു വരവിന്റെ പാതയിലെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്നും പിന്മാറുന്നതിന്റെ ചുവട് പിടിച്ചാണ് താലിബാൻ തിരിച്ചു കയറുന്നത്. അമേരിക്ക പൂർണമായും അഫ്ഗാനിസ്ഥാനിൽ നിന്നും പിന്മാറിയാൽ കേവലം ആറു മാസത്തിനകം തന്നെ അഫ്ഗാനിസ്ഥാൻ സർക്കാർ തകരുമെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തിയിരുന്നു. സെപ്തംബർ പതിനൊന്നോടെ മുഴുവൻ അമേരിക്കൻ സൈനികരും അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങാനാണ് തീരുമാനം. സർക്കാർ സൈനികരുമായി നിരവധി സ്ഥലങ്ങളിൽ താലിബാൻ ഭീകരർ യുദ്ധത്തിലാണ്.