fff

മനാമ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുതിയ അലര്‍ട്ട് ലെവല്‍ ട്രാഫിക് ലൈറ്റ് പദ്ധതിയുമായി ബഹ്‌റൈന്‍ . കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിന്റെയും മറ്റു കേസുകളുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ പ്രദേശങ്ങളെ പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി തിരിച്ചുള്ള സംവിധാനമാണിത്. ഈ കളര്‍ കോഡ് അനുസരിച്ചായിരിക്കും ഇനി മുതല്‍ ഓരോ പ്രദേശത്തും പുതിയ നിയന്ത്രണങ്ങളും ഇളവുകളും നിലവില്‍ വരുകയെന്ന് കൊവിഡ് പ്രതിരോധത്തിനായുള്ള നാഷനല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. തുടര്‍ച്ചയായി 14 ദിവസം ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് രണ്ട് ശതമാനത്തില്‍ താഴെയാണെങ്കിൽ ഗ്രീന്‍ ലെവലും തുടര്‍ച്ചയായ ഏഴ് ദിവസത്തെ ടിപിആര്‍ ശരാശരി രണ്ടിനും അഞ്ചിനും ഇടയിലാണെങ്കിൽ യെല്ലോ ലെവലുമാണ്. തുടര്‍ച്ചയായ നാല് ദിവസത്തെ ശരാശരി ടിപിആര്‍ അഞ്ചിനും എട്ടിനും ഇടയിലാണെങ്കിൽ ഓറഞ്ച് ലെവൽ. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ശരാശരി ടിപിആര്‍ എട്ടിന് മുകളിലാണെങ്കിൽ റെഡ് ലെവലിൽ ഉൾപ്പെടുത്തും. പുതിയ സിഗ്നൽ സംവിധാനം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.