പത്തനംതിട്ട: തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആന്‍റ് കെമിക്കൽസിലെ സ്‌പിരിറ്റ് കടത്തിൽ കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനം. സ്ഥാപനത്തിലേക്ക് സ്‌പിരിറ്റ് എത്തിക്കാനുള്ള കരാർ ഏറ്റെടുത്ത എറണാകുളത്തെ കാറ്റ് എഞ്ചിനീയറിംഗ് കമ്പനി അധികൃതരെ ഇന്ന് ചോദ്യം ചെയ്യും. പുളിക്കീഴ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് ഇവരെ ചോദ്യം ചെയ്യുക.
പ്രതി പട്ടികയിലുള്ള സ്ഥാപനത്തിന്‍റെ ജനറൽ മാനേജർ അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥരോട് ഹാജരാവാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. ഇവർ മൂന്ന് പേരും ഒളിവിലാണ്. കഴിഞ്ഞ ദിവസം റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പ്രതികളുടെ മൊഴി പ്രകാരം ഈ കമ്പനിയുടെ കരാർ കാലാവധിയിലാണ് പല തവണയായി സ്‌പിരിറ്റ് മറിച്ചു വിറ്റത്.
ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ മദ്യനിർമ്മാണത്തിന് എത്തിച്ച സ്‌പിരിറ്റിൽ 20,000 ലിറ്റർ മറിച്ചു വിറ്റെന്നായിരുന്നു എക്സൈസിന്‍റെ കണ്ടെത്തല്‍. മദ്ധ്യപ്രദേശിൽ നിന്ന് ഇവിടേയ്ക്ക് എത്തിച്ച 4,000 ലിറ്റർ സ്‌പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തിയിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് സന്ദർശിക്കും.