covid-death

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഇന്ന് മുതൽ പുനരാരംഭിക്കും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരും വയസും സ്ഥലവും ജില്ലാ അടിസ്ഥാനത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് സർക്കാർ തീരുമാനം. ഇന്ന് മുതൽ പ്രതിദിന കൊവിഡ് വിവര പട്ടികയിലും പേരുകളുണ്ടാകും.

കഴിഞ്ഞ വ‍ർഷം ഡിസംബറിലാണ് പേരുകൾ പുറത്തുവിടുന്നത് ആരോഗ്യ വകുപ്പ് നിർത്തിയത്. മരണ പട്ടിക വിവാദമായതോടെയാണ് സർക്കാർ പേരുകൾ നൽകുന്നത് നിർത്തിയത്. കൊവിഡ് മരണ കണക്കിനെച്ചൊല്ലി സർക്കാരും പ്രതിപക്ഷവും ഏറ്റുമുട്ടുന്നതിനിടെയാണ് സർക്കാർ തീരുമാനം എന്നത് ശ്രദ്ധേയമാണ്.

പട്ടിക പുനപ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ പ്രതിപക്ഷം കണക്കുകൾ ശേഖരിച്ച് പട്ടിക പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അർഹരായവരെപ്പോലും പുറത്താക്കിയ സംസ്ഥാനത്തിന്‍റെ കൊവിഡ് മരണ പട്ടികക്കെതിരെ ആക്ഷേപം ശക്തമാകുമ്പോഴും സമഗ്രമായ പുനപരിശോധനയ്ക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

ഇനി ആശുപത്രികള്‍ 24 മണിക്കൂറിനകം ജില്ലാ മെഡിക്കല്‍ ഓഫീസിലും ജില്ലകള്‍ 48 മണിക്കൂറിനകം സംസ്ഥാന ആരോഗ്യവകുപ്പിനേയും മരണവിവരം അറിയിക്കണം. ബന്ധുക്കള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടാനും പരാതിയുന്നയിക്കാനും വരും ദിവസങ്ങളില്‍ സംവിധാനമൊരുക്കും.

ഔദ്യോഗിക കണക്കുകള്‍ പുറത്തു വിടുന്നതോടെ ഒഴിവാക്കപ്പെട്ടവര്‍ക്ക് പരാതി ഉന്നയിക്കാനാകും. മരണക്കണക്കുകള്‍ പൂഴ്ത്തുന്നുവെന്ന വ്യാപക വിമര്‍ശനമുയര്‍ന്നതോടെ മുഖ്യമന്ത്രിയുടെ കൂടി അനുവാദത്തോടെയാണ് ഒഴിവാക്കപ്പെട്ടവരെ ഉള്‍പ്പെടുത്താനുളള ആരോഗ്യവകുപ്പ് നീക്കമെന്നാണ് വിവരം.