ന്യൂഡൽഹി: സ്ഥാനമേറ്റെടുത്ത് നാല് മാസത്തിനുള്ളിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത് സിംഗ് റാവത്ത് രാജിവച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹിയിൽ ബി ജെ പി കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തുകയായിരുന്ന റാവത്ത്, പാർട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജി സമർപ്പിക്കാൻ തീരുമാനിച്ചത്. ഉത്തരാഖണ്ഡ് ഗവർണർ ബേബി റാണി മൗര്യയെ കണ്ട് രാജി സമർപ്പിക്കുന്നതിനു മുമ്പായി റാവത്ത് പാർട്ടി അദ്ധ്യക്ഷൻ ജെ പി നഡ്ഡയുമായി കൂടികാഴ്ച നടത്തി സ്ഥിതിഗതികൾ വിശദീകരിച്ചിരുന്നു. സംസ്ഥാനത്തെ ബി ജെ പി എം എൽ എമാർ ഇന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും.
കഴിഞ്ഞ മാർച്ചിൽ അന്നത്തെ മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിനോട് പാർട്ടി നേതൃത്വം രാജിവക്കാൻ ആവശ്യപ്പെട്ടതിനെതുടർന്ന് വന്ന ഒഴിവിലാണ് എം പിയായ തിരാത് സിംഗ് മുഖ്യമന്ത്രിയാകുന്നത്. എം എൽ എ അല്ലാത്ത തിരാത് സിംഗിന് മുഖ്യമന്ത്രി പദത്തിൽ തുടരണമെങ്കിൽ സെപ്തംബർ 10ന് മുമ്പായി ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കണമായിരുന്നു. നിലവിലെ കൊവിഡ് സാഹചര്യത്തിൽ ആ സമയത്തിനു മുമ്പായി ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ബുദ്ധിമുട്ടാകുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചതിനെ തുടർന്നാണ് തിരാത് സിംഗ് രാജി സമർപ്പിച്ചത്.
വിവാദങ്ങൾ നിറഞ്ഞതായിരുന്നു തിരാത് സിംഗിന്റെ ഭരണകാലം. പാർട്ടിക്കുള്ളിലെ ചേരിപോര് കനത്തതോടെയാണ് മുമ്പ് മുഖ്യമന്തിയായിരുന്ന ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവച്ചത്. എന്നാൽ പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങളിൽ അയവു വരുത്താൻ തിരാത് സിംഗിനും കാര്യമായി കഴിഞ്ഞില്ല. മാത്രമല്ല ത്രിവേന്ദ്ര സിംഗ് നടപ്പിലാക്കിയ പല പദ്ധതികളും അനാവശ്യമായിരുന്നുവെന്ന തരത്തിലുള്ള പ്രസ്താവനകളിലൂടെ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ വിരോധവും തിരാത് സിംഗ് സമ്പാദിച്ചിരുന്നു. 200 വർഷത്തോളം ഇന്ത്യയെ അടിമയാക്കി വച്ചിരുന്നത് ബ്രിട്ടൻ അല്ല അമേരിക്കയാണെന്ന പരാമർശവും മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ തിരാത് സിംഗ് നടത്തിയിട്ടുണ്ട്.