covid

​​ജനീവ: കൊവിഡിന്‍റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം വന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ എച്ച് ഒ). അപകടകരമായ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും ഡബ്ല്യൂ എച്ച് ഒ ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് ആഥനോം ഗബ്രിയേസൂസ് പറഞ്ഞു.

നിരീക്ഷണം, പരിശോധന, രോഗബാധിതരെ നേരത്തേ കണ്ടെത്തല്‍, ഐസൊലേഷന്‍, ചികിത്സിക്കല്‍ എന്നിങ്ങനെയുള്ള രീതി തുടരുകയാണ് പുതിയൊരു തരംഗത്തെ ഒഴിവാക്കാനുള്ള മാര്‍ഗം. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കല്‍, കെട്ടിടങ്ങളുടെ അകത്ത് വായുസഞ്ചാരം ഉറപ്പാക്കല്‍ എന്നിവയൊക്കെ പ്രധാനമാണെന്നും ഡബ്ല്യൂ എച്ച് ഒ മേധാവി പറഞ്ഞു.

ഒരു രാജ്യവും ഈ ഭീഷണിയില്‍നിന്ന് മുക്തമാണെന്ന് പറയാനാവില്ല. ഇതുവരെ 98 രാജ്യങ്ങളിലാണ് ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്. അത് തീവ്രമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വാക്‌സിനേഷനില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലാണ് ഡെൽറ്റയുടെ വ്യാപനം കൂടുതലെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിനേഷനില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന സാഹചര്യം വീണ്ടും ഉണ്ടാവാം. അതിവേഗമാണ് ഡെല്‍റ്റ കൊവിഡിന്‍റെ മുഖ്യ വകഭേദമായി മാറിയത്. അതു വീണ്ടും മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണെന്നും ടെഡ്രോസ് ആഥനോം പറഞ്ഞു.