ksrtc

മലപ്പുറം: പുത്തനത്താണിയിൽ മദ്യപൻ ടിക്കറ്റെടുക്കാൻ വിസമ്മതിച്ച് നടത്തിയ ആക്രമണത്തിൽ കെഎസ്‌ആർ‌ടിസി ബസ് കണ്ടക്‌ടർക്ക് പരിക്കേറ്റു. ബസിന്റെ പിന്നിലെ ചില്ല് മദ്യപൻ കല്ലെറിഞ്ഞ് തകർത്തു. പാലായിൽ നിന്ന് കുടിയാന്മലയ്ക്ക് സർവീസ് നടത്തുന്ന ബസിലെ ചില്ലാണ് തകർത്തത്.മദ്യപന്റെ ആക്രമണത്തിൽ പാലാ ഡിപ്പോയിലെ കണ്ടക്‌ടർ സന്തോഷിന് മുഖത്ത് 23 തുന്നിക്കെട്ടുകളുണ്ട്.

പുത്തനത്താണി ജംഗ്‌ഷനിൽ നിന്നും കയറിയ മദ്യപനോട് കണ്ടക്‌ടർ സന്തോഷ് ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടു. മദ്യം വാങ്ങിയതിനാൽ പണമില്ലെന്ന് ആദ്യം അറിയിച്ച ഇയാൾ തുടർന്ന് മദ്യം വാങ്ങിയപ്പോൾ ടാക്‌സായി പണം സർക്കാരിൽ അടച്ചെന്നും അതിനാൽ ടിക്കറ്റ് എടുക്കില്ലെന്നും വാശിപിടിച്ചു.

തുടർന്ന് കണ്ടക്‌ടറുമായി വഴക്കായതോടെ ബസ് നിർത്തി ഡ്രൈവറും യാത്രക്കാരും ചേർന്ന് ഇയാളെ ഇറക്കി വിട്ടശേഷം യാത്ര തുടങ്ങിയപ്പോഴാണ് പ്രകോപിതനായ മദ്യപൻ ബസിലേക്ക് കല്ലെറിഞ്ഞത്. ഈ കല്ല് മുഖത്ത് കൊണ്ട കണ്ടക്‌ടർ സന്തോഷിന് ഗുരുതര പരിക്കേറ്റു. തുടർന്ന് ഇദ്ദേഹത്തെ കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സ്‌റ്റിച്ചിട്ടു. കോട്ടയ്‌ക്കൽ പൊലീസ് അക്രമിയെ തിരയുന്നുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കൂടി ലഭിച്ചശേഷം പ്രതിയെ കണ്ടെത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്.