rahim

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന് നാട് നീളെ കേസാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കെ സുരേന്ദ്രന് ഇപ്പോൾ കുഴൽപ്പണ പനിയാണ്. സുരേന്ദ്രൻ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. കേരളത്തിൽ ഒരു ഹവാല പാർട്ടിയായി ബി ജെ പി മാറി. കുഴൽപ്പണ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനാണ് സുരേന്ദ്രൻ. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ പൂർണ നഗ്നനായ അവസ്ഥയിലാണെന്നും റഹീം പരിഹസിച്ചു.

കേരളത്തിലെ ഒരു വ്യവസായവും അടച്ച് പൂട്ടണമെന്ന് ഡി വൈ എഫ് ഐ ആഗ്രഹിക്കുന്നില്ല. വ്യവസായശാലകൾ നിയമാനുസൃതമായി പ്രവർത്തിക്കണം. സ്ത്രീധനവിരുദ്ധ ക്യാമ്പയിൻ ഡി വൈ എഫ് ഐ ശക്തമാക്കും. ജൂലായ് 10 മുതൽ 20 വരെ ക്യാമ്പയിൻ നടത്തും. ജൂലായ് 15 മുതൽ 20 വരെ യുണിറ്റ് കേന്ദ്രങ്ങളിൽ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുക്കും. ഇന്ധന വില, പാചക വാതക വില വർദ്ധനയ്ക്കെതിരെ ജൂലായ് ആറിന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ഡി വൈ എഫ് ഐ സമരം സംഘടിപ്പിക്കുമെന്നും റഹീം പറഞ്ഞു.

മുവാറ്റുപുഴയിലെ യൂത്ത് കോൺഗ്രസ്‌ നേതാവ് ഉൾപ്പെട്ട പീഡന കേസിനെ കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനും മിണ്ടുന്നില്ല. മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതിയെ ഹാജരാക്കാൻ തയ്യാറാകണം. പോക്സോ എം എൽ എ ആയി മാത്യു കുഴൽനാടൻ മാറി. എം എൽ എയ്ക്കെതിരെ ഈ മാസം ഏഴിന് മൂവാറ്റുപുഴയിൽ ജനകീയ വിചാരണ നടത്തുമെന്നും റഹീം പറഞ്ഞു.