ന്യൂഡൽഹി: കൊവിഡ് വാക്‌സിനെടുത്തവരിൽ രോഗം ബാധിച്ച് മരണമടഞ്ഞവർ കേവലം രണ്ട് ശതമാനം മാത്രമാണെന്ന് പഠനഫലം. ഒരു ഡോസ് സ്വീകരിച്ചവരിൽ മരണത്തിൽ നിന്നും സംരക്ഷണം ലഭിച്ചത് 92 ശതമാനം പേർക്കാണ്. പഞ്ചാബിൽ പൊലീസ് ഉദ്യോഗസ്ഥരിൽ നടത്തിയ പഠനത്തിന് ശേഷമാണ് ഈ വിവരം. ചണ്ഡിഗഡിലെ പോസ്‌റ്റ്‌ഗ്രാജ്വേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ എജ്യുക്കേഷൻ ആന്റ് റിസർച്ചാണ് പഠനം നടത്തിയത്. പഞ്ചാബ് സർക്കാരുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ വിവരമുളളത്.
പഞ്ചാബ് പൊലീസിൽ 4868 പേർക്ക് വാക്‌സിൻ നൽകിയിരുന്നില്ല. ഇവരിൽ 15 പേർ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. ആയിരം പേരിൽ 3.08 ശതമാനം പേർ. ഒറ്റ ഡോസ് വാക്‌സിനെടുത്ത 35,856 പേരിൽ ഒൻപത് പേർ മരിച്ചു. ആയിരം പേരിൽ 0.25 ശതമാനം മാത്രം. 42,720 പേർക്ക് രണ്ട് ഡോസ് വാക്‌സിനും നൽകി. ഇവരിൽ 1000 പേരിൽ 0.05 ശതമാനം പേർ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നീതി അയോഗ് ആരോഗ്യകാര്യ അംഗം ഡോ.വി.കെ പോൾ അറിയിച്ചു.
ജനസമ്പർക്കം കൂടിയ ഹൈ റിസ്‌ക് വിഭാഗത്തിൽ വരുന്നവരാണ് പൊലീസ്. ഇവരിൽ ആദ്യഡോസ് സ്വീകരിച്ചവരിൽ 92 ശതമാനം പേർക്കും രണ്ട് ഡോസും സ്വീകരിച്ചവരിൽ 98 ശതമാനം പേരും കൊവിഡ് മരണത്തിൽ നിന്നും രക്ഷ നേടി. ഇതിൽ നിന്നും വാക്‌സിനേഷൻ, കൊവിഡ് മരണത്തിൽ നിന്നും രോഗത്തിന്റെ ഗുരുതരാവസ്ഥയിൽ നിന്നും മോചനം നേടാൻ സഹായിക്കുന്നെന്ന് മനസിലാക്കാമെന്ന് ഡോ.വി.കെ പോൾ അഭിപ്രായപ്പെടുന്നു.