k-surendran

കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസില്‍ പൊലീസിന് മുന്നില്‍ ഹാജരാകില്ലെന്ന് സൂചന നൽകി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അന്ന് പാര്‍ട്ടി യോഗമുണ്ടെന്നും ഹാജരാകുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു സുരേന്ദ്രന്‍റെ മറുപടി. സാക്ഷി മൊഴിയെടുക്കാനാണ് നോട്ടീസ് ലഭിച്ചത്. ഉടന്‍ ഹാജരാകണമെന്നില്ല. കേസ് ആസൂത്രിതമായ നീക്കമാണ്. നോട്ടീസ് അയച്ചത് സ്വര്‍ണക്കടത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

നമ്പര്‍വണ്ണിന് വേണ്ടിയുള്ള ഓട്ടത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ച ആയിരക്കണക്കിന് ആളുകള്‍ക്കാണ് സഹായം നഷ്‌ടപ്പെടാന്‍ പോവുന്നത്. കൊവിഡിന്‍റെ യഥാര്‍ത്ഥ മരണക്കണക്ക്‌ വേണമെന്ന്‌ സര്‍ക്കാര്‍ ഇപ്പോള്‍ ഡി എം ഒമാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അപ്പോള്‍ ഇതുവരെയുള്ളത് കള്ളക്കണക്കായിരുന്നുവെന്നല്ലേ സത്യം. കൊവിഡിനെ പിടിച്ച് കെട്ടിയെന്ന് പറയുന്നവര്‍ എന്തിനാണ് കൊവിഡ് മരണക്കണക്ക്‌ മറച്ചുവയ്‌ക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

കള്ളക്കണക്ക് കാണിച്ചത് കൊണ്ടോ കൊവിഡ് മരണം മറച്ച് വച്ചത് കൊണ്ടോ നമ്പര്‍ വണ്‍ ആകുമോ. ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. ചീപ്പായ പബ്ലിസിറ്റിക്ക് വേണ്ടി എന്തിനാണ് പാവങ്ങളെ ദ്രോഹിക്കുന്നത്. ഇതിനെല്ലാം മറുപടി പറയണം. ഇരുട്ട് കൊണ്ട് ഓട്ടയടക്കുകയാണ് സര്‍ക്കാരെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കിറ്റെക്‌സിന്‍റെ കേരളത്തിലെ പിന്‍വാങ്ങലിന് മുഖ്യമന്ത്രി മറുപടി പറയണം. സര്‍ക്കാര്‍ രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണ്. എല്ലാത്തിനും ഉത്തരവാദി സര്‍ക്കാരാണ്. വ്യവസായ മന്ത്രിക്ക് കിറ്റെക്‌സ് ഗ്രൂപ്പിനോട് പ്രതികാരമാണ്. ഇതിനുള്ള കാരണം എല്ലാവര്‍ക്കും അറിയാം. ഇരുപത്തിനാലാമത്തെ സ്ഥാനമാണ് ഇന്ന് വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് മേനി പറയുന്ന കേരളത്തിനുളളത്.

മുഖ്യമന്ത്രിയുടെ മകള്‍ പോലും വ്യവസായം തുടങ്ങാന്‍ ബംഗളൂരുവാണ് തിരഞ്ഞെടുത്തത്. സി പി എമ്മിന് ഇഷ്‌ടമില്ലാത്തവരെയെല്ലാം നശിപ്പിക്കുകയെന്നാണ് ലക്ഷ്യം. അത് രാഷ്ട്രീയമായാലും വ്യവസായമായാലും സമാനമാണ്. കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സഹാനുഭൂതിയുള്ള നിലപാടെടുക്കുന്നതിന് പകരം രാഷ്ട്രീയം കളിക്കുകയാണ്. സി പി എമ്മിന് ഇഷ്‌ടമില്ലാത്തവരെ എറിഞ്ഞോടിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.