'ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടായിരിക്കും.' കാലകാലങ്ങളായി കേട്ട് തഴമ്പിച്ച ഈ വാക്യത്തിന് പിന്നിൽ നിരവധി സ്ത്രീകളുടെ കണ്ണീരുപ്പ് കലർന്നിട്ടുണ്ട്. സമൂഹത്തിന് മുന്നിൽ നിലയും വിലയുമുള്ള 'മാതൃകാ പുരുഷോത്തമൻമാർ' അരയും തലയും മുറുക്കി വിലസുമ്പോൾ ഇവരെ വാർത്തെടുത്ത പല സ്ത്രീജന്മങ്ങളും സ്വന്തം ജീവിതം നാലുചുവരുകൾക്കുള്ളിൽ ഹോമിക്കുകയാണ്. പരാതികളും പരിഭവവുമില്ലാതെ സ്വന്തം കടമയാണതെന്ന് കരുതി ജീവിക്കുന്നവരാണ് പലരും. അടിച്ചും തുടച്ചും അലക്കിയും അടുക്കിയും ഭക്ഷണം വച്ചുവിളമ്പിയും ഒരായുസ് ഒടുക്കിയ ലക്ഷക്കണക്കിന് സ്ത്രീകളുള്ള നാടാണ് ഇന്ത്യ.
സമൂഹത്തിന്റെ ഈ വാർപ്പ് മാതൃകകളെ ഭേദിച്ച്, പഠിച്ചും തൊഴിലെടുത്തും സേവനങ്ങൾ ചെയ്തും സമൂഹത്തിൽ സ്വന്തം ഇടം 'പിടിച്ചെടുത്ത' നിരവധി സ്ത്രീകളുമുണ്ട് നമ്മുടെ രാജ്യത്ത്. സുചേതാ കൃപാലാനി, ഇന്ദിരാഗാന്ധി, പ്രതിഭാ പാട്ടീൽ, അടുത്തിടെ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ലോകശ്രദ്ധ നേടിയ മുത്തശ്ശിയായ ബിൽക്കിസ് ദാദി തുടങ്ങി നിരവധിപ്പേർ.
സ്ത്രീ സമത്വം, ലിംഗ സമത്വം, മീടൂ മൂവ്മെന്റ് എന്നിവ ശക്തമായ ഈ കാലഘട്ടത്തിലും ഗാർഹിക പീഡനമരണങ്ങൾ തുടർക്കഥയാകുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് യുവതികൾ തങ്ങളുടെ ജീവിതാവസ്ഥകളോട് പ്രതികരിച്ചത് ദേശീയ തലത്തിൽ ശ്രദ്ധനേടിയിരുന്നു. ആഗ്രയിലെ മോന ദ്വിവേദി എന്ന 30കാരി ഗാർഹിക പീഡനത്തിനിരയായി സ്വന്തം ജീവൻ ബലി നൽകിയപ്പോൾ, തമിഴ്നാട് തൂത്തുക്കുടിയിലെ നിഷ എന്ന 22 കാരി പല യുവതികൾക്കും മാതൃകയാകുന്ന കാര്യമാണ് തന്റെ വിവാഹദിനത്തിൽ ചെയ്തത്.
പ്രിയപ്പെട്ട പ്രധാനമന്ത്രി
വായിച്ചറിയാൻ
യു.പിയിലെ ആഗ്രയിൽ വിദ്യാപുരം കോളനിയിലെ മോന ദ്വിവേദി എന്ന 30കാരി അടുത്തിടെ നാടൻ തോക്കുപയോഗിച്ച് വെടിവച്ച് ആത്മഹത്യ ചെയ്തുവെന്ന വാർത്ത പലരും വായിച്ചിട്ടുണ്ടാകും. രണ്ടു കുട്ടികളെ തനിച്ചാക്കി, ജീവനൊടുക്കുന്നതിന് തൊട്ടു മുമ്പ് മോന ഒരു കത്തെഴുതിയിരുന്നു. മറ്റാർക്കുമല്ല. സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്.
വീടുകളിലും സ്ത്രീസുരക്ഷ ഉറപ്പുവരുത്തണമെന്നാണ് കത്തിൽ മോന ആവശ്യപ്പെട്ടത്. സ്വന്തം ഗതികേട് ഇനിയൊരാൾക്കും സംഭവിക്കരുതെന്ന് ആഗ്രഹിച്ച മോന കാര്യങ്ങളെല്ലാം വിശദമായി പ്രധാനമന്ത്രിക്കെഴുതി.
പാവപ്പെട്ട കുടുംബത്തിലാണ് മോന ജനിച്ചതും വളർന്നതും. ചെറുപ്പത്തിലേ അമ്മ മരിച്ചു. അച്ഛൻ മദ്യപാനി. വിവാഹമായിരുന്നു ജീവിതത്തിലെ ഏക കച്ചിത്തുരുമ്പ്. 16-ാം വയസിൽ വിവാഹിതയായി. ബി.ജെ.പി പ്രവർത്തകരാണ് ഭർത്താവും സഹോദരൻമാരും. എന്നാൽ ഭർത്തൃ സഹോദരൻമാർ മോനയെ ഒരു മനുഷ്യജീവിയായി പോലും പരിഗണിച്ചില്ല. സദാസമയവും മർദ്ദനവും പീഡനവും. ഭർത്താവ് ഇതൊന്നും ശ്രദ്ധിച്ചില്ല.
അംബുജ്, പങ്കജ് എന്നീ ഭർതൃസഹോദരന്മാർ ദിനവും മോനയെ മർദ്ദിക്കുമായിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
ഭർത്താവ് ഉപേക്ഷിക്കുമോയെന്ന ഭയം കാരണം ഉപദ്രവങ്ങളൊന്നും അദ്ദേഹത്തോട് പറയാനായില്ലെന്നും മോന, മോദിക്കെഴുതിയ കത്തിൽ വ്യക്തമാക്കി. സഹികെട്ടപ്പോൾ വെള്ളിയാഴ്ച രാവിലെ വീട്ടിലെ മുറിക്കുള്ളിൽ വച്ച് മോന സ്വയം വെടിവച്ചു. ശബ്ദം കേട്ട് മറ്റുള്ളവർ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ മോനയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മരിക്കുന്നതിന് തൊട്ടുമുമ്പ് മൂന്ന് പേജ് വരുന്ന ഒരു കുറിപ്പ് മോന കുടുംബാംഗങ്ങളുടെ ഫോണിലേക്ക് അയച്ചിരുന്നു. പ്രധാനമന്ത്രി വായിക്കാനായി എഴുതിയ കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് ദേശീയ ശ്രദ്ധ നേടിയത്.
യുവതിയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് യു.പി പൊലീസ് പറയുന്നു. എന്നാൽ മോനയുടെ കത്ത് അവർക്കൊരു വിഷയമല്ല. അതേക്കുറിച്ച് ചോദിക്കുമ്പോൾ
' ചെറിയ കുടുംബ പ്രശ്‌നങ്ങളാണെന്നും ഭർതൃസഹോദരന്മാർ യുവതിയെ പരിഹസിക്കാറുണ്ടായിരുന്നെന്നുമാണ്' പൊലീസ് പറയുന്നത്.
വാളെടുക്കൂ, ലൈഫ് സേവ് ചെയ്യൂ...
വിവാഹദിവസം പട്ടുടുത്ത് പൂവ് വച്ച് നമ്രമുഖിയായിരിക്കുന്ന വധുവാണ് 'കുല' പുരുഷൻമാരുടെ സങ്കല്പം. സേവ ദ ഡേറ്റും മെഹന്ദിയുമൊക്കെ 'ന്യൂജനറേഷൻ' കല്യാണത്തിന്റെ ഭാഗമായപ്പോൾ വധു വേദിയിൽ നൃത്തം ചെയ്യാനും ചെണ്ട കൊട്ടാനും ജെ.സി.ബി ഓടിക്കാനുമൊക്കെ തുടങ്ങി. എന്നാൽ വടിയും ഉറുമിയും കൈയിലെടുത്ത് ആയോധനാഭ്യാസപ്രകടനം നടത്തിയ തമിഴ്നാട് തൂത്തുക്കുടിയിലെ തിരുക്കൊളൂർ ഗ്രാമത്തിലെ പി. നിഷ എന്ന 22കാരി ദേശീയ മാദ്ധ്യമങ്ങളിൽ താരമായിരിക്കയാണ്. സ്വയംപ്രതിരോധ മാർഗങ്ങൾ പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നു നിഷയുടെ ലക്ഷ്യം. അതിനാണ് വിവാഹവേഷത്തിൽ ഉറുമിയടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തിയത്. വരൻ രാജ്കുമാറിന്റെ പൂർണ പിന്തുണയുമുണ്ടായിരുന്നു.
'സിലമ്പാട്ടം" എന്ന ആയോധനകല അവതരിപ്പിക്കുന്ന വധുവിന്റെ വീഡിയോ വൈറലായതോടെ നാടിന്റെ നാനാഭാഗത്തു നിന്നും നിഷയെത്തേടി അഭിനന്ദപ്രവാഹമാണ്. ഗ്രാമീണർക്കും വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അതിഥികൾക്കും മുന്നിലാണ് നിഷ സിലമ്പത്തിന്റെ അടിമുറയും വാൾപയറ്റും അവതരിപ്പിച്ചത്.നിഷയുടെ പ്രകടനം കണ്ട് ആർപ്പുവിളിച്ച അതിഥികൾ കല്യാണം ശരിക്കുമൊരു ആഘോഷമാക്കി മാറ്റി. വർഷങ്ങളായി ആയോധനകല അഭ്യസിക്കുന്ന നിഷയ്ക്ക് പൊലീസിൽ ചേർന്ന് നാടിനെ സേവിക്കണമെന്നാണ് ആഗ്രഹം. അമ്മ മണിയാണ് നിഷയെ ആയോധനകല അഭ്യസിക്കാൻ വിട്ടത്. അച്ഛനും മറ്റ് ബന്ധുക്കളും നിഷയുടെ ഈ താത്പര്യത്തെ പ്രോത്സാഹിപ്പിച്ചിരുന്നു.