ന്യൂഡൽഹി: മഹീന്ദ്രയുടെ ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന മോഡലായ എക്സ് യു വി 500ന്റെ പിന്മുറക്കാരനായി എത്തുന്ന എക്സ് യു വി 700ന്റെ ടീസർ വീഡിയോ പുറത്തിറങ്ങി. എം ജി ഹെക്ടർ, ഹ്യൂണ്ടായി അൽക്കാസർ, ടാറ്റാ സഫാരി എന്നിവയുടെ ശ്രേണിയിൽ വരുന്ന എക്സ് യു വി 700 ഈ ക്ളാസിൽ വരുന്ന വാഹനങ്ങളിൽ ഏറ്റവും വിലകുറഞ്ഞതാകാനാണ് സാദ്ധ്യത. ഔദ്യോഗികമായി വില വിവരം മഹീന്ദ്ര പുറത്തുവിട്ടിട്ടില്ലെങ്കിലും, 14 ലക്ഷത്തിനു താഴെയായിരിക്കും എക്സ് യു വി 700 ന്റെ എക്സ് ഷോറൂം വില എന്ന് കരുതപ്പെടുന്നു. നിലവിൽ എം ജി ഹെക്ടർ മാത്രമാണ് ഇന്ത്യയിൽ 14 ലക്ഷത്തിനു താഴെ വിൽക്കപ്പെടുന്ന എസ് യു വി. ടാറ്റാ സഫാരി 15 ലക്ഷവും ഹ്യുണ്ടായി അൽക്കാസർ 16 ലക്ഷത്തിനു മേലെയുമാണ് ഇന്ത്യയിൽ എക്സ് ഷോറൂം വില വരുന്നത്.
വില കുറവാണെങ്കിലും സൗകര്യങ്ങളുടെ കാര്യത്തിൽ മഹീന്ദ്ര ഒരു കുറവും വരുത്തിയിട്ടില്ലെന്നതാണ് ടീസർ വീഡിയോയിൽ നിന്നും മനസിലാക്കുവാൻ സാധിക്കുന്നത്. മേഴ്സിഡസ് ബെൻസ് കാറുകളിൽ കാണുന്ന പേഴ്സണലൈസ്ഡ് സേഫ്റ്റി അലർട്ട് ആണ് എക്സ് യു വി 700ന്റെ എടുത്തു പറയേണ്ട സവിശേഷത. നമുക്ക് ഇഷ്ടമുള്ള വ്യക്തികളുടെ ശബ്ദത്തിൽ സുരക്ഷാ മുന്നറിയിപ്പുകൾ ഈ സംവിധാനം ഉപയോഗിച്ച് റെക്കാഡ് ചെയ്തു വയ്ക്കാൻ സാധിക്കും.
ഈ മാസം അവസാനം തന്നെ മഹിന്ദ്ര വാഹനം പ്രദർശിപ്പിക്കുമെങ്കിലും ആഗസ്റ്റോടു കൂടി മാത്രമേ എക്സ് യു വി 700 വിപണിയിൽ എത്താൻ സാദ്ധ്യതയുള്ളു.