madhavan-kutty

ഗുരുവായൂർ: ദേവസ്വത്തിന്റെ ആനസമ്പത്തിലെ മുതിർന്ന കൊമ്പന്മാരിലൊരാളായ വലിയ മാധവൻ കുട്ടി ചെരിഞ്ഞു. ഗുരുവായുരപ്പന്റെ ഗജസമ്പത്തിൽ നീണ്ട 46 കൊല്ലത്തെ സേവനചരിത്രവുമായാണ് മാധവൻ കുട്ടി ഇന്ന് പുലർച്ചെ വിടവാങ്ങുന്നത്. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അരനൂറ്റാണ്ട് ചേർന്ന് പ്രവ‌ർത്തിച്ചവർക്കെല്ലാം വലിയ നൊമ്പരമാണ് മാധവൻകുട്ടിയുടെ അന്ത്യം മൂലമുണ്ടായത്. ഒപ്പം ആനപ്രേമികൾക്കും.

ഇത്തരത്തിൽ മാധവൻകുട്ടിയെ കുറിച്ചുള‌ള ഹൃദ്യമായൊരു കുറിപ്പ് ഗുരുവായൂർ ദേവസ്വം അവരുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ നൽകി. ദേവസ്വം മുൻ മാനേജർ രാമയ്യർ പരമേശ്വരനാണ് വലിയ മാധവൻ കുട്ടിയെക്കുറിച്ച് എഴുതിയിരിക്കുന്നത്.

1974 ഫെബ്രുവരി 3ന് സത്യനാരായണൻ, ദേവി എന്നീ ആനകൾക്കൊപ്പമാണ് മാധവൻ കുട്ടി ഗുരുവായുരപ്പന് സ്വന്തമാകുന്നത്. ഗുരുവായൂരപ്പന്റെ ഭക്തനായ കുന്നത്തേരി നാരായണൻ നായരാണ് ആനയെ നടയ്‌ക്കിരുത്തിയത്. ചെറുപ്പത്തിൽ 1976ൽ നടന്ന ഗജമേളയിൽ ഏറ്റവും നല്ല രണ്ടാമത്തെ കുട്ടിയാനയായി. 'മാധവേട്ടന് മൂക്കിൻതുമ്പിലാണ് കോപം' എന്ന് പറയുംപോലെ വലിയ മുൻകോപിയായിരുന്നു വലിയ മാധവൻകുട്ടി.

വികൃതി കഥകളിൽ പഴയ കാലത്തെ ഗജരാജൻ ഗുരുവായൂർ കേശവനെക്കാൾ കേമനാണ്. ഒരുകാലത്ത് കോട്ടയിലെ അഭിമാന താരമായിരുന്നെങ്കിലും പിന്നീട് മുൻകോപം കാരണം 2000ന് ശേഷം ആനക്കോട്ടയിൽ നിന്ന് പുറത്തേക്ക് പോകാനായില്ല. പിന്നീട് 2018ൽ ശീവേലിക്ക് കരുതലാനയായി വർഷങ്ങൾക്ക് ശേഷം ക്ഷേത്രനടയിലെത്തി. ഈ വ‌ർഷം തന്റെ വീരശൂര പരാക്രമം മാറ്റിവച്ച് ആനക്കോട്ടയിൽ ചങ്ങലപോലുമില്ലാതെ പുല്ല് മേഞ്ഞ് നടക്കുന്ന നിലയിലേക്ക് ആനയെത്തി. ഒടുവിൽ ആരോടും പരിഭവമൊന്നുമില്ലാതെ ദേവസ്വം ആനകൾക്ക് സുഖചികിത്സ തുടങ്ങിയ ദിനം തന്നെ മാധവ സന്നിധിയിലേക്ക് മാധവൻ കുട്ടി മടങ്ങിയതായും ലേഖനത്തിൽ കുറിക്കുന്നു.