behra

തിരുവനന്തപുരം: സ്ഥാനമൊഴിഞ്ഞ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ വാഹനം ഉദ്യോഗസ്ഥർ കെട്ടി വലിച്ചത് എന്തിനാണെന്ന് ആ ദൃശ്യം കണ്ട നമ്മളിൽ പലരും സംശയിച്ചിരിക്കാം. ഈ ആചാരവും ചിത്രവുമൊക്കെ ഇപ്പോഴാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി വിരമിക്കുന്ന പൊലീസ് മേധാവിമാർക്ക് ഇത്തരത്തിലുളള യാത്രയയപ്പ് ലഭിക്കാറുണ്ട്.

വിരമിക്കുന്ന ഓഫീസർ സഞ്ചരിക്കുന്ന കാർ വെളുത്ത കയർ കൊണ്ട് കെട്ടിവലിക്കുന്ന ഈ ചടങ്ങ് ബൈഹ്‌റക്ക് മുമ്പ് സെൻകുമാർ വിരമിച്ചപ്പോൾ ഉണ്ടായിരുന്നില്ല. എന്നാൽ ജേക്കബ് പുന്നൂസ് സംസ്ഥാന പൊലീസ് മേധാവിയായി വിരമിച്ചപ്പോൾ ഇതുണ്ടായിരുന്നു. വിരമിക്കുന്ന ഓഫിസറെ ഡിന്നറിനുശേഷം കസേരയിലിരുത്തി സഹപ്രവർത്തകർ ഓഫിസ് കോമ്പൗണ്ടിനു പുറത്തെത്തിക്കുന്ന പതിവ്, യൂണിഫോം ഫോഴ്‌സുകളിലുണ്ട്. ‘ഡൈനിംഗ് ഔട്ട്’ എന്ന ഈ പരിപാടി ബ്രിട്ടീഷ് ആചാരമാണ്. ഇതിന്‍റെ തുടർച്ചയാണ് ബെഹ്‌റയുടെ യാത്രയയപ്പിൽ കണ്ടത്.

ഔദ്യോഗിക പദവിയിൽനിന്ന് പിരിയുന്ന അവസാന ദിവസം, മുഴുവൻ സേനയും അദ്ദേഹത്തെ തങ്ങളുടെ ചുമലിലേറ്റുന്നുവെന്ന സന്ദേശമാണ് ഈ യാത്രയയപ്പിലൂടെ നൽകുന്നത്. ജേക്കബ് പുന്നൂസ് അധികാരത്തിലെത്തിയപ്പോഴാണ് ഡി ജി പി തസ്‌തിക സംസ്ഥാന പൊലീസ് മേധാവിയായി മാറിയതും ശമ്പളമടക്കമുള്ള കാര്യങ്ങളിൽ മാറ്റം വന്നതും. പുതിയ മേധാവി അധികാരമേൽക്കുമ്പോൾ കടലാസുകളിൽ ഒപ്പിടുന്നതുമാത്രമായിരുന്നു ചടങ്ങ്. ജേക്കബ് പുന്നൂസാണ് സ്ഥാനമൊഴിയുന്ന മേധാവി പുതിയ മേധാവിക്ക് അധികാര ദണ്ഡ് കൈമാറുന്ന ചടങ്ങിനു തുടക്കം കുറിച്ചത്.തിരുവനന്തപുരത്ത് പേട്ടയിലുള്ള ഒരാളാണ് മെറ്റൽ ചുറ്റിയ ദണ്ഡുണ്ടാക്കിയത്.

behra

പുതുതായി സ്ഥാനമേൽക്കുന്ന പൊലീസ് ചീഫിന്‍റെ പേര് ദണ്ഡിൽ രേഖപ്പെടുത്തും. പൊലീസ് ചീഫ് ഈ ദണ്ഡ് കൊണ്ടുനടക്കില്ല. കസേരയ്ക്കു പിന്നിൽ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വീരചരമം അടഞ്ഞ പൊലീസുകാരുടെ ധീരസ്‌മൃതിഭൂമിയിൽ പുഷ്‌പചക്രം അർപ്പിച്ചതിനുശേഷം പൊലീസ് ചീഫ് അധികാരമേൽക്കുന്ന ചടങ്ങ് ആരംഭിച്ചതും ജേക്കബ് പുന്നൂസ് ഡി ജി പിയായ ശേഷമാണ്.